ന്യൂഡൽഹി: അഞ്ച് ദിവസം മുമ്പ് വടക്കുകിഴക്കൻ ഡൽഹിയിൽ ആരംഭിച്ച അക്രമത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച പുലർച്ചെ ശിവ് വിഹാറിൽ അറുപതുകാരനെ മർദിച്ച് കൊലപ്പെടുത്തി. പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിമുണ്ട്.

പ്രദേശത്തെ അക്രമത്തെത്തുടർന്ന് ഇതുവരെ 123 എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും 630 പേരെ കസ്റ്റഡിയിലെടുത്തതായും 47 സമാധാന യോഗങ്ങൾ നടന്നതായും പൊലീസ് പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അഡീഷണൽ സിപി എംഎസ് രന്ധാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ശിവ് വിഹാറിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഗാസിയാബാദിലെ ലോനിയിൽ താമസിക്കുന്ന അയ്യൂബ് അൻസാരി എന്ന വയോധികനാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ രണ്ട് ദിവസം മുമ്പ് ഈ പ്രദേശം സന്ദർശിച്ചിരുന്നു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച യോഗം ചേർന്നിരുന്നു.

അക്രമത്തിനിടെ കൊല്ലപ്പെട്ട 36പേരുടെ മൃതദേഹങ്ങൾ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയ്യൂബിനെ കൂടാതെ മുബാറക് ഹുസെൻ (28), ദിൽബർ നേഗി (20), മോനിസ് (21), ബാബ്ബു സൽമാനി (33), ഫൈസാൻ (24) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച തിരിച്ചറിഞ്ഞത്.

ഗുരുതരമായി പരുക്കേറ്റ പിതാവിനെ ഒരു കൂട്ടം ‘അജ്ഞാതർ’ വീട്ടിലേക്ക് കൊണ്ടുവന്നതായി അയ്യൂബിന്റെ 18 വയസുള്ള മകൻ സൽമാൻ അൻസാരി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. രാവിലെ ആറോടെ അടുത്തുള്ള ഒരു ചെറിയ ക്ലിനിക്കിലേക്ക് കൊണ്ടു പോയി. പ്രഥമശുശ്രൂഷയ്ക്ക് ശേഷം ജിടിബി ആശുപത്രിയിൽ കൂടുതൽ ചികിത്സയ്ക്കായി പോയെങ്കിലും പിതാവ് വഴിയിൽവച്ച് മരിയ്ക്കുകയായിരുന്നുവെന്നും സൽമാൻ അൻസാരി പറഞ്ഞു.

“അക്രമം കാരണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ പിതാവ് വീട്ടിലായിരുന്നു. വെള്ളിയാഴ് പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ അദ്ദേഹം ജോലിക്കായി പോയി. അജ്ഞാതരായ ചില ആളുകൾ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ ഉണർന്നു. തലയ്ക്കും ശരീരത്തിനും കാലുകൾക്കും പരുക്കേറ്റിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു, ചില ആളുകൾ അദ്ദേഹത്തെ ശിവ് വിഹാറിൽ തടഞ്ഞുവെന്നും പേര് ചോദിച്ചുവെന്നും എന്നോട് പറഞ്ഞു. അദ്ദേഹം പേര് പറഞ്ഞുകഴിഞ്ഞപ്പോൾ അവർ അദ്ദേഹത്തെ അടിച്ചു,” മകൻ പറഞ്ഞു.

Read in English: Delhi: 60-year-old man beaten to death, toll rises to 42

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook