ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ജർമൻ സ്വദേശിക്ക് നേരെ ആക്രമണം. പത്തൊൻപതുകാരനായ ബെഞ്ചമിൻ സ്കോൾട്ട് ആണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് ബെഞ്ചമിനെ മുറിവേൽപ്പിച്ചശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ചാന്ദിനി ചൗക്കിൽനിന്നും കാഷ്മേരേ ഗേറ്റിലേക്ക് വരികയായിരുന്നു ബെഞ്ചമിൻ ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആക്രമിക്കപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ ബെഞ്ചമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബെഞ്ചമിന് മെച്ചപ്പെട്ട ചികിൽസ നൽകാനും ഡൽഹി സർക്കാരിനോട് മന്ത്രി നിർദേശിച്ചിട്ടുണ്ട്.

വിദേശപൗരന്മാർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഇന്ത്യയിൽ വർധിച്ചു വരികയാണ്. ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞയാഴ്ചയാണ് നൈജീരിയക്കാർക്കുനേരെ ആക്രമണമുണ്ടായത്. ഇവിടെ ഒരു പതിനേഴുവയസ്സുകാരൻ അമിതമായി മയക്കുമരുന്നു കഴിച്ചു മരിച്ചിരുന്നു. മയക്കുമരുന്നു നൽകിയത് നൈജീരിയക്കാരാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ അഞ്ചു നൈജീരിയൻ വിദ്യാർഥികളെ ആക്രമിച്ചത്. സംഭവത്തിൽ നൈജീരിയ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ