/indian-express-malayalam/media/media_files/uploads/2018/03/suicide.jpg)
ന്യൂഡല്‍ഹി: മൂന്നാം തവണയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റ വിദ്യാർഥിനി തൂങ്ങി മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് 17കാരിയായ വിദ്യാർഥിനി മാതാവിനോടൊപ്പം പ്രീത് വിഹാറിലെ സിബിഎസ്ഇ ഓഫീസില്‍ ഫലം അറിയാന്‍ എത്തിയിരുന്നു. എന്നാല്‍ താന്‍ തോറ്റതായി ഇവിടെ വച്ച് അറിഞ്ഞതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 'പരീക്ഷയുമായി ബന്ധപ്പെട്ട് ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സിബിഎസ്ഇ ഓഫീസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അവള്‍ പറഞ്ഞത് പേപ്പര്‍ റദ്ദാക്കിയിരിക്കുകയാണ് എന്നാണ്. അവള്‍ വീണ്ടും തോറ്റു എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഞങ്ങളോട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്,' പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
സിബിഎസ്ഇ ഓഫീസ് സന്ദര്‍ശിച്ചതിന് ശേഷം പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുകളിലെ മുറിയിലേക്ക് പോയതായി മാതാവ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ താഴേക്ക് കാണാതായതിനെ തുടര്‍ന്ന് അമ്മയാണ് മുകളിലെ മുറിയിലേക്ക് പോയത്. അകത്ത് നിന്നും പൂട്ടിയ മുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് 17കാരിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ പൊളിച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. 2017ല്‍ പെണ്‍കുട്ടി പ്ലസ് ടുവിന് തോറ്റതായി സഹോദരി പറഞ്ഞു. 2018ലും തോറ്റിരുന്നു. പിന്നീട് മൂന്നാം തവണയും എഴുതിയതായും സഹോദരി പറഞ്ഞു.
മകള്‍ക്ക് ഇംഗ്ലീഷ് ബുദ്ധിമുട്ട് ആയിരുന്നെന്ന് പിതാവ് പറഞ്ഞു. മകളെ ട്യൂഷന് അയച്ചിരുന്നെങ്കിലും ഇംഗ്ലീഷില്‍ എന്നും മാര്‍ക്ക് കുറവായിരുന്നെന്ന് പിതാവ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.