കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സാമുദായിക സംഘർഷം നടന്ന ബാസിർഹാട്ടിൽ സന്ദർശനത്തിനെത്തിയ ബിജെപി നേതാക്കൾ അറസ്​റ്റിൽ. കലാപം നടന്ന ബാസിർഹാട്ടിലേക്കുള്ള യാത്രക്കിടെ ഡംഡം എയർപോർട്ടിൽ വെച്ചാണ്​​ ബിജെപി എംപിമാരായ മീനാക്ഷി ലേഖി, സത്യപാൽ സിങ്​, ഒ.എം മാത്തുർ എന്നിവരുൾപ്പെടുന്ന സംഘത്തെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ഈയാഴ്ച്ച ലഹള നടന്ന ബസിര്‍ഹത് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മീനാക്ഷി ലേഖിക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പോലീസ് പുറത്തിറക്കിയിരുന്നു. ‘നിങ്ങള്‍ അവകാശപ്പെടുന്നത് ഇവിടെ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ്. എന്നിട്ടും നിങ്ങള്‍ ഞങ്ങളെ തടയുന്നു’, തനിക്ക് പ്രവേശനം നിഷേധിച്ചതിനെ സംബന്ധിച്ച് മീനാക്ഷി ലേഖി പറഞ്ഞു.

ബസിര്‍ഹത്തിലുണ്ടായ കലാപത്തിനിടെ ബിജെപി ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ റാലി നടത്തിയിരുന്നു. 11-ാം ക്ലാസ്‌ വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റാണ്‌ ബംഗാളിൽ സംഘർഷമുണ്ടാകാൻ കാരണമായത്‌. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക്‌ പേസ്റ്റ്‌. തുടർന്ന്‌ വിദ്യാർഥിയെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook