scorecardresearch
Latest News

മഹാരാഷ്ട്ര ആവര്‍ത്തിക്കും; ജാര്‍ഖണ്ഡില്‍ തീരുമാനം വൈകരുതെന്ന് യുപിഎ സഖ്യം

ബിജെപി ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും സഖ്യം ആരോപിക്കുന്നു

മഹാരാഷ്ട്ര ആവര്‍ത്തിക്കും; ജാര്‍ഖണ്ഡില്‍ തീരുമാനം വൈകരുതെന്ന് യുപിഎ സഖ്യം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തുടരുമോ ഇല്ലയോ എന്ന അനിശ്ചിതത്വം അവസാനിക്കാത്ത സാഹചര്യത്തില്‍ ഭരണകക്ഷിയായ യുപിഎ സഖ്യകക്ഷികളായ ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ബിജെപി ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു.

സോറൻ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിട്ടും എന്ത് കൊണ്ട് ഇതുവരെയും ഗവർണർ രമേഷ് ബെയ്‌ൻസിന്റെ ഭാഗത്തുനിന്ന് ഒരു ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് മൂന്ന് പാർട്ടികളുടെയും നേതാക്കൾ ചോദിച്ചു. കാലതാമസം ബിജെപിയുടെ കുതിരക്കച്ചവടത്തിലേക്ക് നയിക്കുന്നുവെന്ന് ആരോപിച്ച അവർ കഴിഞ്ഞ നാല് ദിവസമായി നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.

റാഞ്ചി ജില്ലയിലെ അങ്കാര ബ്ലോക്കിൽ കഴിഞ്ഞ വർഷം സോറൻ ഖനനത്തിനായി സ്ഥലം പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ടതാണ് വിഷയം. ശേഷം, ഖനന വകുപ്പ് വഹിക്കുന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്ന് ബിജെപി ആരോപിച്ചു. ജനപ്രാതിനിധ്യ നിയമം (ആർ‌പി‌എ) പ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം അയക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഗവർണറെ അറിയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ “ചരക്കുകളുടെ വിതരണത്തിനോ” അല്ലെങ്കിൽ “ഏത് ഏറ്റെടുത്ത പ്രവൃത്തികൾ നിർവഹിക്കുന്നതിനോ” സർക്കാരുമായി ഏതെങ്കിലും കരാറിൽ ഏർപ്പെടുന്നത് വിലക്കുന്ന ആർപിഎയുടെ സെക്ഷൻ ഒന്‍പത് എ പ്രകാരം സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാർശ ചെയ്തു.

ഗവർണർ ഇതുവരെ തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്, സംഖ്യത്തിന്റെ നേതാക്കള്‍ ഇത് ചോദ്യം ചെയ്തത്.

സോറന് നിയമസഭാ സീറ്റ് നഷ്‌ടപ്പെടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് എന്തെങ്കിലും റിപ്പോർട്ട് ഉണ്ടെങ്കിൽ, ഗവർണർ അത് പരസ്യമാക്കുകയും തന്റെ തീരുമാനം പ്രഖ്യാപിക്കുകയും വേണം. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണെന്ന് മുതിർന്ന ജെഎംഎം എംഎൽഎയും സംസ്ഥാന മന്ത്രിയുമായ ചമ്പായി സോറൻ പറഞ്ഞു.

“ഇത് ഇപ്പോൾ ഒരു വിചിത്രമായ സാഹചര്യമാണ്, പ്രത്യേക കാരണങ്ങളൊന്നുമില്ല. കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചിട്ടുണ്ടെന്നും അത് ഗവർണറുടെ പക്കലുണ്ടെന്നും ഞങ്ങൾ അറിഞ്ഞു, പക്ഷേ അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഈ സംസ്ഥാനത്ത് ജനാധിപത്യവും ജനങ്ങളും അനാദരിക്കപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ കണ്ട എംഎൽഎമാരുടെ കുതിരക്കച്ചവടം പോലെ… ജാർഖണ്ഡിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഞങ്ങളുടെ സഖ്യം ശക്തമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

81 അംഗ ജാര്‍ഖണ്ഡ് സഭയിൽ ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 30 സീറ്റുകളാണുള്ളത്. കോൺഗ്രസിന് പതിനെട്ടും, ആർജെഡിക്ക് ഒരു എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 26 എംഎല്‍എമാരും സഭയിലുണ്ട്.

നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശ് പ്രസ്താവനയോട് പ്രതികരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Delay will spark horsetrading upa to jharkhand government