ന്യൂഡൽഹി: അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. അവസാന വർഷ പരീക്ഷകൾ നടത്താൻ യുജിസിക്ക് അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

സെപ്‌റ്റംബർ 30 നു മുൻപായി ഡിഗ്രി അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന് യുജിസി വിവിധ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി യുജിസിയുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാട് ആരാഞ്ഞു.

Read Also: കരിപ്പൂര്‍ അപകടം; അന്ന് വിമാനത്താവളത്തിലെത്തിയ മറ്റ് രണ്ട് വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കുന്നതിൽ എതിർപ്പില്ലെന്നാണ് കേന്ദ്രം കോടതിയിൽ അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ പഠന ജീവിതത്തിൽ അവസാനവർഷ പരീക്ഷകൾക്ക് ഏറെ പ്രധാന്യമുണ്ടെന്നും പരീക്ഷ നീണ്ടുപോകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യുജിസിയുടെയും കേന്ദ്രത്തിന്റെയും നിലപാട്.

പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ അവസാന വർഷ പരീക്ഷകൾ നടത്താമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഡിഗ്രി അവസാന വർഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. വിദ്യാർഥികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേൾക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേൾക്കുക.

Narendra Modi Speech, New Education Policy: പുതിയ വിദ്യാഭ്യാസ നയം പുതിയ ഇന്ത്യയുടെ അടിത്തറ: പ്രധാനമന്ത്രി

അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതും കേന്ദ്രം ആലോചിക്കുന്നു. സ്‌കൂളുകൾ അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി തുറക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളും പ്രവർത്തിക്കാൻ അനുമതി നൽകും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധമായിരിക്കും ക്രമീകരണം. ഡിവിഷനുകൾ വിഭജിക്കും. എന്നാൽ, ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കേന്ദ്രം അനുമതി നൽകും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണം. ഇടവേളകളിൽ ക്ലാസ് മുറികൾ അണുവിമുക്‌തമാക്കാൻ സജ്ജീകരണം ഒരുക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook