ഇസ്ലാമാബാദ്: അമേരിക്കയെ തൃപ്തരാക്കുക എന്നതല്ല തങ്ങളുടെ പണിയെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖുറാം ദസ്തഗീര്‍ ഖാന്‍. അമേരിക്കയുമായുളള ബന്ധം പുനഃപരിശോധിക്കുകയാണെന്നും അദ്ദേഹം പാക് മാധ്യമങ്ങളോട് വ്യക്തമാക്കി. “വ്യക്തമായ തെളിവുകളോടും യുക്തിസഹമായും ഞങ്ങളുടെ കാഴ്ചപ്പാട് വിശദീകരിക്കും. എന്നാല്‍ അത് അമേരിക്കയെ തൃപ്തിപ്പെടുത്താനല്ല”, ഖുറാം പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരരെ വളര്‍ത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അമേരിക്കയുമായുളള ബന്ധം പുനഃപരിശോധിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലേക്ക് വരെ വ്യാപിക്കുന്ന പാക് ഭീകരത തുടച്ചുനീക്കിയില്ലെങ്കില്‍ സഹായം നല്‍കുന്നത് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഗോളിപോസ്റ്റ് നിരന്തരം മാറ്റുന്നത് കൊണ്ട് തന്നെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. എന്താണ് ‘ഗോളിപോസ്റ്റ് മാറ്റുന്നു’ എന്ന പ്രസ്താവന കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

പാക്കിസ്ഥാന് മേല്‍ ഇന്ത്യ ഉയര്‍ത്തുന്ന ഭീഷണി അമേരിക്ക മനഃപൂർവം അവഗണിക്കുകയാണെന്നും ഖാന്‍ ആരോപിച്ചു. ഇന്ത്യയും അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുളള ബന്ധം പാക്കിസ്ഥാന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരായ അമേരിക്കയുടെ പ്രസ്താവനയെ തുടര്‍ന്ന് യുഎസ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായുളള കൂടിക്കാഴ്ച പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റദ്ദാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ