ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് സുപ്രീം കോടതിയില്‍ വാദിച്ച കേന്ദ്രസര്‍ക്കാര്‍, ഇതിനെതിരെ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് ഉപയോഗിച്ച്, രേഖകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച രണ്ടു മാധ്യമങ്ങള്‍ക്കെതിരെയും അഭിഭാഷകനെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യം രണ്ട് പ്രസിദ്ധീകരണങ്ങളുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് 'ദി ഹിന്ദുവിന്റെയും എഎന്‍ഐയുടേയും കൈവശമുള്ള രേഖകള്‍ മോഷ്ടിച്ചതാണ്,' എന്ന് അദ്ദേഹം വാദിച്ചു.
പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനെതിരേയും ക്രിമിനല്‍ നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്ത് ഭൂഷൺ, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.
മോഷ്ടിച്ച രേഖകള്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി എജി വാദിച്ചത്. എന്നാല്‍ രേഖകളെ സംശയത്തോടെ കാണാമെന്നും, പക്ഷെ രേഖകള്‍ പരിശോധിക്കരുത് എന്ന് പറയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് കെ.എം.ജോസഫ് മറുപടി നല്‍കി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവയ്ക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുടര്‍വാദത്തിനായി ഡിസംബര്‍ 14ലേക്ക് മാറ്റി.
മോഷ്ടിച്ച രേഖകള്‍ പ്രസക്തമാണെങ്കില്‍ പരിശോധിക്കേണ്ടി വരുമെന്നാണ് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നത് കോടതിയുടെ വിഷയമല്ല. ഇത് രാജ്യസുരക്ഷയുടെ കീഴില്‍ വരുന്നില്ലെന്നും ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി. എന്നാല്‍, രേഖകള്‍ ഒരു കാരണവശാലും പത്രങ്ങളിലോ മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും എജി കോടതിയില്‍ അറിയിച്ചു. രേഖകള്‍ പരിശോധിക്കേണ്ടെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ വാദം ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫിന്റെ മറുപടി.