ന്യൂഡൽഹി: സൈന്യത്തെക്കുറിച്ചുള്ള സിനിമകളും വെബ് സീരീസുകളും റിലീസ് ചെയ്യുന്നതിന്  പ്രത്യേക അനുമതി പത്രം  നിർബന്ധമാക്കണമെന്ന് പ്രതിരോധ മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഫിലം സർട്ടിഫിക്കേഷൻ ബോർഡിന് (സിബിഎഫ്സി) മന്ത്രാലയം കത്തയച്ചു. സൈന്യത്തെക്കുറിച്ചുള്ള ചലച്ചിത്രങ്ങളോ ഡോക്യുമെന്ററികളോ സീരീസുകളോ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപായി പ്രൊഡക്ഷൻ ഹൗസുകൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രാലയം സിബിഎഫ്സിക്ക് അയച്ച കത്തിൽ പറയുന്നു.

ചില വെബ് സീരീസുകളിൽ സായുധ സേനാംഗങ്ങളെ ചിത്രീകരിക്കുന്ന രീതിക്കെതിരേ മന്ത്രാലയം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥരെയും സൈനിക യൂണിഫോമിനെയും അപമാനകരമായ രീതിയിൽ ചിത്രീകരിക്കുന്നതായി ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Read More: റഫാലിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ, വിമാനം എന്തുകൊണ്ട് 1,670 കോടി രൂപയ്ക്ക് വാങ്ങിയെന്ന് കോൺഗ്രസ്

അടുത്തിടെ സ്ട്രീം ചെയ്ത ചില വെബ് സീരീസുകളിൽ, സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്നും സായുധ സേനയുടെ വികലമായ ചിത്രം അവതരിപ്പിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

കത്ത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലേക്കും ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലേക്കും പരിഗണനയ്ക്കായി അയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read More: നിയമസഭാ സമ്മേളനം പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിന്റെ വില കൂടി: അശോക് ഗെഹ്‌ലോട്ട്

പ്രതിരോധ സേനയുടെ പ്രതിച്ഛായ വളച്ചൊടിക്കുന്നതും പ്രതിരോധ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വികാരത്തെ വ്രണപ്പെടുത്തുന്നതുമായ സംഭവങ്ങൾ കുറയ്ക്കുന്നതിനാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി ആശയവിനിമയം നടത്തിയത്. സൈന്യവുമായി ബന്ധപ്പെട്ട പ്രമേയത്തെ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കുന്ന ചില നിർമ്മാതാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിച്ഛായയെ വളച്ചൊടിക്കുന്ന ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സിബിഎഫ്സിക്ക് അയച്ച കത്തിൽ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നതായി അവർ പറഞ്ഞു.

Read More: Defence ministry writes to CBFC; says advise production houses to seek NOC on Army theme content

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook