ന്യൂഡൽഹി: കരസേനയെ നവീകരിക്കുന്നതിനായി അമേരിക്കയിൽ നിന്ന് 73,000 തോക്കുകൾ അടിയന്തരമായി വാങ്ങാൻ തീരുമാനിച്ചു. പ്രതിരോധമന്ത്രാലയം ഇതിന് പച്ചക്കൊടി നൽകി. 3600 കിലോമീറ്ററോളം ദൂരം ഉളള ചൈനാ അതിർത്തിയിൽ സൈനികർക്ക് വേണ്ടിയാണ് തോക്ക് വാങ്ങുന്നത്.

അമേരിക്കൻ കമ്പനിയായ സിഗ്‌സവറിൽനിന്നാണ് തോക്കുകൾ വാങ്ങുന്നത്. പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള ഉത്തതതലസമിതി ശനിയാഴ്ചയാണ് ഇതിന് അനുമതി നൽകിയത്. അമേരിക്കയുടെയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെയും സൈനികർ ഉപയോഗിക്കുന്ന തോക്കുകളാണ് വാങ്ങുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ തോക്കുകൾ വാങ്ങാനുളള കരാറിന്റെ കാര്യത്തിൽ തീരുമാനമാവും. ഒരുവർഷത്തിനകം തോക്കുകൾ ഇന്ത്യക്കു കൈമാറുന്ന വിധത്തിലാവും കരാർ. കരസേന ഇപ്പോൾ ഉപയോഗിക്കുന്ന ഇൻസാസ് തോക്കുകൾ പുതിയ തോക്കുകൾ എത്തുന്നതോടെ ഒഴിവാക്കും.

ഏഴുലക്ഷം തോക്കും 44,000 ചെറുയന്ത്രത്തോക്കും 44,600 കാർബീൻ തോക്കും വാങ്ങുന്നതിന് 2017 ഒക്ടോബറിൽ കരസേന ശ്രമം തുടങ്ങിയിരുന്നു. പശ്ചിമബംഗാളിലെ ഇഷാപുരിലുള്ള പൊതുമേഖലാ തോക്കുനിർമാണ കേന്ദ്രത്തിൽ നിർമിച്ച തോക്കുകൾ വേണ്ടെന്ന് സൈന്യം 18 മാസം മുൻപ് നിലപാടെടുത്തു. പിന്നീടാണ് അന്താരാഷ്ട്ര ആയുധ വിപണിയിൽനിന്ന് പറ്റിയ തോക്ക് കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ