ന്യൂഡല്‍ഹി: പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള്‍ മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലാണ് കേന്ദ്രമന്ത്രി എത്തിയത്. അഭിനന്ദിന്റെ ധീരതയില്‍ രാജ്യം അഭിമാനം കൊളളുന്നതായി മന്ത്രി വ്യക്തമാക്കി. 60 മണിക്കൂറോളം പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അനുഭവം അഭിനന്ദന്‍ കേന്ദ്രമന്ത്രിയോട് വിവരിച്ചു.

ഇന്നലെ രാത്രിയാണ് അഭിനന്ദനെ ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷം ഇന്ന് അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കാഴ്ചയില്‍ ആരോഗ്യവാനെങ്കിലും മിഗ് 21 വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത് പാരച്ചൂട്ട് വഴി താഴേക്ക് ചാടിയ ഒരാളാണ് അഭിനന്ദന്‍. പാക് തടവിലിരിക്കെ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമുണ്ട്. മനഃസാന്നിധ്യ പരിശോധന അടക്കമുള്ളവ ആരോഗ്യപരിശോധനയിലുണ്ടാകും. ഇതിനിടെ പിതാവ് എസ് വര്‍ധമാനുമായും മാതാവ് ഡോക്ടര്‍ ശോഭയുമായും അഭിനന്ദൻ സംസാരിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് മൂവരും ഒരുമിച്ച് ചിലവിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ