ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ എച്ച്എഎല്ലിന് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയെന്ന സീതാരാമന്റെ അവകാശവാദം തെളിയിക്കുന്ന രേഖ പാര്‍ലമെന്റില്‍ വയ്ക്കണമെന്നും അല്ലാത്ത പക്ഷം രാജിവയ്ക്കണമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

ലോക്സഭയില്‍ സീതാരാമന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിരോധ മന്ത്രിയുടെ വാദത്തില്‍ പറയുന്ന കരാര്‍ നല്‍കിയിട്ടില്ലെന്നാണ് രാഹുല്‍ ആരോപിക്കുന്നത്.

”നിങ്ങളൊരു നുണ പറഞ്ഞാല്‍ അത് മറയ്ക്കാന്‍ കൂടുതല്‍ നുണ പറയേണ്ടി വരും. റഫേല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ നുണയെ രക്ഷിക്കാന്‍ പ്രതിരോധമന്ത്രി പാര്‍ലമെന്റിനോട് നുണ പറഞ്ഞിരിക്കുകയാണ്” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നാളെ പാര്‍ലമെന്റില്‍ എച്ച്എഎല്ലിന് നല്‍കിയ ഓര്‍ഡറിന്റെ തെളിവുകള്‍ സീതാരാമന്‍ അവതരിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.

റഫേല്‍ ഇടപാട് എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസിന് മറുപടിയായി പാര്‍ലമെന്റിനെ അറിയിച്ചത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും സീതാരാമനെതിരെ രംഗത്തെത്തിയിരുന്നു. എച്ച്എഎല്ലിന് ഒരു ലക്ഷത്തിന്റെ ഓര്‍ഡര്‍ നല്‍കിയെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാല്‍ എച്ച്എഎല്‍ പറയുന്നത് ഒരു രൂപ പോലും ലഭിച്ചില്ലെന്നും ഒരു ഓര്‍ഡര്‍ പോലും ഒപ്പിട്ടിട്ടില്ലെന്നുമാണ്. എച്ച്എഎല്ലിന് തൊഴിലാളികള്‍ക്ക് ആദ്യമായി ശമ്പളം നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വന്നുമെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook