ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. രാഷ്ട്രപതി ഭവനിൽ ഷെയ്ഖ് ഹസീനയ്ക്ക് ഉജ്ജ്വല വരവേൽപ് നൽകി. രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടന്നു. പ്രതിരോധം, വ്യാപാരം, സൈബർ സുരക്ഷ ഉൾപ്പെടെ 22 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.അതേ സമയം ടീസ്ത നദി ജലം സംബന്ധിച്ചുള്ള കരാർ യാഥാർഥ്യമായില്ല.

ബംഗ്ലദേശ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ടീസ്താ നദി പ്രശ്നം ഇരു രാജ്യങ്ങളിലെയും ഇപ്പോഴത്തെ സർക്കാരുകൾക്ക് പരിഹരിക്കാൻ കഴിയുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. 4.5 ബില്യൺ ഡോളറിന്റെ സഹായം ബംഗ്ലദേശിനു നൽകാനും ഇന്ത്യ തീരുമാനിച്ചു. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഉഭയകക്ഷിചര്‍ച്ചയിലെ വിഷയമയി.
Sheikh Hasina, narendra modi, bangladesh

കൊല്‍ക്കത്തയേയും ബംഗ്ലദേശിലെ ഖുല്‍നയേയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാളിലെ രാധികാപൂരിൽ നിന്ന് ബംഗ്ലാദേശിലെ കുൽഹാനിയിലേക്കുള്ള ബസ് സർവീസിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു.

ഏഴ് വർഷത്തിനിടെ ആദ്യമായാണ് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത്. അതേസമയം, നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ നാളെ ഇന്ത്യയിൽ എത്തും. ഏപ്രിൽ ഒൻപതു മുതൽ 12 വരെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ടേൺബുൾ ഇന്ത്യയിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ