scorecardresearch

അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, കുറ്റക്കാരനാണെന്ന വിധിക്ക് അടിയന്തര സ്റ്റേ ഇല്ല

അടിയന്തര സ്റ്റേ ലഭിക്കാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും

Rahul Gandhi, Congress
രാഹുല്‍ ഗാന്ധി

സൂറത്ത്: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

വേനലവധിക്ക് ശേഷം മാത്രമേ വിധി പറയൂ എന്ന് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വ്യക്തമാക്കി. ഹൈക്കോടതി വേനൽക്കാല അവധിക്കായി മേയ് എട്ട് മുതൽ ജൂൺ നാല് വരെ അടച്ചിടും. ജസ്റ്റിസ് പ്രച്ഛക് വിദേശപര്യടനത്തിന് പോുന്നതിനാല്‍ മേയ് നാല് മുതല്‍ അവധിയാണ്. അടിയന്തര സ്റ്റേ ലഭിക്കാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും.

കേസിന്റെ വിധി നീളുന്നതിനാല്‍ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന് രാഹുലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു സിംഗ്വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന മുഴുവൻ വിചാരണ നടപടികളും പരിശോധിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

ഏപ്രില്‍ 20 ന് അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ ലോക്‌സഭാ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.

2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം. ”എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്?”എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകള്‍. ഈ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭ അംഗത്വവും റദ്ദാക്കിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Defamation case gujarat high court refuses to grant interim relief to rahul gandhi