ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ ശശി തരൂരിനെതിരെ അപകീർത്തി കേസ്. ‘ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ’ എന്ന പരാമർശത്തിനെതിരെ ഡൽഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് പരാതി നൽകിയത്. ശശി തരൂരിന്റെ പരാമർശം മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഞാൻ ശിവ ഭക്തനാണ്. ശശി തരൂരിന്റെ പരാമർശം ഇന്ത്യയിലും വിദേശത്തുമുള്ള ശിവ ഭക്തന്മാരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. കരുതിക്കൂട്ടിയാണ് തരൂർ ഇത്തരം പരാമർശങ്ങൾ നടത്തുന്നതതെന്നും രാജീവ് ബബ്ബർ പരാതിയിൽ പറയുന്നു.

അഭിഭാഷകനായ നീരജ് മുഖാന്തരമാണ് പരാതി നൽകിയിരിക്കുന്നത്. ഐപിസി 499, 500 എന്നീ വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച കേസിൽ വാദം കേൾക്കും.

ബെംഗളൂരുവിൽ സാഹിത്യോത്സവ വേദിയിലാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. തന്നോട് പേര് വെളിപ്പെടുത്താത്ത ഒരു ആർഎസ്എസ് പ്രവർത്തകൻ പറഞ്ഞത് മോദി ശിവലിംഗത്തിലിരിക്കുന്ന തേൾ ആണെന്നാണ്. ചെരുപ്പ് കൊണ്ട് അടിക്കാനും വയ്യ, കൈ കൊണ്ട് എടുത്തു കളയാനും വയ്യ എന്ന തരൂരിന്റെ പരാമർശമാണ് കേസിനു ആധാരമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook