സൂറത്ത്: അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കോടതി കേട്ടിരുന്നു. ഇനിന് ശേഷം ഇന്ന് കോടതി എതിര്‍ഭാഗത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുകയായിരുന്നു.
പരാതിക്കാരനായ പൂര്‍ണേശ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്നതാണ് പൂര്‍ണേഷ് മോദിയുടെ പ്രധാനവാദം. ഇക്കാര്യം വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പൂര്‍ണേഷിനോട് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം പൂര്‍ത്തിയാക്കും. ഇന്ന് തന്നെ അപ്പീലില്‍ വിധി പറയാനും സാധ്യതയുണ്ട്.
ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേള്‍ക്കുന്നത്. കേസില്‍ രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നല്‍കുന്നതില്‍ കടുംപിടുത്തം പാടില്ലെന്നുമാണ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുലും തന്റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. നേരത്തെ, രാഹുലിന്റെ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് ഗീത ഗോപി പിന്മാറിയിരുന്നു.
ഏപ്രില്‍ 20 ന് അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ ലോക്‌സഭാ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം. ”എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്?”എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകള്‍. ഈ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭ അംഗത്വവും റദ്ദാക്കിയിരുന്നു.