ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജി.ഇ.എസ്)യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സജ്ഞയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ പേരില്‍ ഹരിയാനയിലെ ബിജെപി നേതാവ് ദീപികയ്ക്കു നേരെ വധഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയില്‍ നിന്ന് ദീപിക വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

പരിപാടിയുടെ നോട്ടീസില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായി തെലങ്കാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കാമെന്ന് ദീപിക നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചടങ്ങില്‍ എത്തില്ലെന്നാണ് അറിയച്ചത്. പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ടാണ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്’ എന്ന വിഷയത്തില്‍ ദീപികയായിരുന്നു സമ്മിറ്റില്‍ സംസാരിക്കേണ്ടിയിരുന്നത്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന പത്മാവതി ചിത്രം റിലീസിങ് മാറ്റിയതും ചിത്രത്തിനെതിരെ ഉയരുന്ന അനാവശ്യവിവാദങ്ങളുമാണ് താരത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് അറിയുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. തിരക്കുകൾ കാരണമാണ് ധോണി ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് സംഘാടകർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ