മുംബൈ: സുശാന്ത് സിങ് രജ്‌‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ദീപിക പദുകോൺ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം ദീപിക മടങ്ങി. വെെകിട്ട് നാല് മണിയോടെയാണ് ദീപിക ചോദ്യം ചെയ്യൽ പൂത്തിയാക്കി മുംബെെ എൻസിബി ഓഫീസിൽ നിന്നു മടങ്ങിയത്. ലഹരിമരുന്ന് ഇടപാടിൽ താരങ്ങളുടെ പേര് ഉയർന്നുവന്നതോടെയാണ് അന്വേഷണ സംഘം ദീപികയടക്കമുള്ള താരങ്ങളെ വിളിച്ചുവരുത്തിയത്.

ശ്രദ്ധ കപൂറും സാറ അലിഖാനും തെക്കൻ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ ഏജൻസിയുടെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയെയും എൻസിബി വെള്ളിയാഴ്ച നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശും ‘ഡി’ എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം.

ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപിക സമ്മർദത്തിലാണെന്നും ചോദ്യം ചെയ്യൽ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭർത്താവും നടനുമായ രൺവീർ സിങ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

Read More: ദീപിക മുംബൈയിലെത്തി; നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ ധർമ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് പ്രസാദിനെ എൻസിബി കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാൾക്ക് ഇപ്പോൾ സ്ഥാപനവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ധർമ്മ പ്രൊഡക്ഷൻസ് ഉടമ കരൺ ജോഹർ രംഗത്തെത്തി.

ഡിസൈനർ സിമോൺ ഖമ്പട്ടയ്‌ക്കൊപ്പം വ്യാഴാഴ്ച സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയും എൻ‌സി‌ബിക്ക് മുന്നിൽ ഹാജരായിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ സെൽ‌ഫോണിൽ കണ്ടെത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി എൻ‌സി‌ബി രജിസ്റ്റർ ചെയ്ത ആദ്യത്തെ എഫ്‌ഐ‌ആറിലെ പ്രതിപ്പട്ടികയിൽ ശ്രുതിയുടെ പേരുമുണ്ട്. റിയയുടെയും സഹോദരൻ ഷോവിക്കിന്റെയും പേരിലുള്ള കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻ‌സി‌ബി പറയുന്നു. അവരുമായി എന്ത് ബന്ധമാണെന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.

Read More in English: Bollywood drugs case: Deepika arrives at NCB; Sara, Shraddha to appear later today

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook