ന്യൂഡൽഹി: സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതി സിനിമയ്‌ക്കെതിരായ കര്‍ണി സേന ഉൾപ്പെടെയുളള സംഘടനകളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി നടിയും ചിത്രത്തിലെ നായികയുമായി ദീപിക പദുക്കോണ്‍. ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമാണ് പത്മാവതിയെന്നും ചിത്രത്തെ തടയാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും സിനിമയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ദീപിക പറയുന്നു. പത്മാവതിക്കെതിരായ പ്രതിഷേധങ്ങളിൽ സങ്കടവും അമർഷവുമുണ്ടെന്ന് ദീപിക വ്യക്തമാക്കി.

ചിത്രീകരണം മുതൽ തുടങ്ങിയ പ്രതിഷേധം കർണി സേന ഉൾപ്പെടെ രജ്പുത് സംഘടനകൾ ശക്തമാക്കുന്നതിനിടെയാണ് വിവാദത്തോട് ദീപിക വീണ്ടും പ്രതികരിക്കുന്നത്. പത്മാവതിക്കെതിരെ പ്രതിഷേധിക്കുന്നത് വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ്. ഒരു സിനിമയോടുള്ള ഇത്തരം പ്രതിഷേധങ്ങള്‍ തികച്ചും തമാശയായി മാത്രമേ കാണാനാകുന്നുളളു. എന്നാൽ, ഒരുസിനിമയ്ക്കായി രണ്ടുവർഷം മാറ്റിവച്ച ഒരു നടിയെന്ന നിലയ്ക്ക് വിവാദങ്ങൾ ഉയരുന്നതിൽ സങ്കടവും അമർഷവുമുണ്ടെന്നും ദീപിക പറഞ്ഞു.

ഇതൊക്കെ കണ്ട് ഭയം തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരിക്കല്‍ പോലും അങ്ങനെ തോന്നിയിട്ടില്ലെന്നും ഭയം എന്നത് ഒരു വികാരമല്ല. അത് നേരത്തെ താന്‍ തിരിച്ചറിഞ്ഞതാണെന്നുമായിരുന്നു ദീപികയുടെ മറുപടി. സിനിമ കാണാതെയാണ് അതിനെതിരെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായ വ്യക്തി എന്ന നിലയില്‍ ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്നും ദീപിക പറയുന്നു.

റാണി പത്മാവതിയായി വേഷമിടുന്ന ദീപിക പദുകോണിന്‍റെ മൂക്കുചെത്തുമെന്ന് ഭീഷണിമുഴക്കി കർണി സേന അധ്യക്ഷൻ ലോക്ന്ദ്ര സിങ് കൽവി രംഗത്തെത്തിയിരുന്നു. പണത്തിനുവേണ്ടി നൃത്തംചെയ്യുന്ന വെറുമൊരു സ്ത്രീ മാത്രമാണ് ദീപികയെന്ന് ലോകേന്ദ്ര സിങ് പറഞ്ഞു. സിനിമ റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, സംവിധായകന്‍ സഞ്ജയ് ലീല ബൻസാലിയുടെയും, ദീപിക പദുകോണിൻറെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. റിലീസിനു മുൻപ് വിവാദം തണുപ്പിക്കുന്നതിനായി രജ്പുത് നേതാക്കൾക്കായി സിനിമയുടെ പ്രത്യേകപ്രദർശനം നടത്താനും അധികൃതർ ആലോചിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ