ന്യൂഡൽഹി: ആക്രമണത്തിൽ പരുക്കേറ്റ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികളെ സന്ദശിച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെ വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർക്കൊപ്പമാണ് നിൽക്കുന്നതെന്ന് താൻ നിൽക്കുന്നതെന്ന് ദീപികയ്ക്ക് അറിയാമായിരിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

“ആ വാർത്ത വായിച്ച ആർക്കും അവർ എവിടെയാണ് നിൽക്കുന്നതെന്ന് അറിയാമെന്ന് ഞാൻ കരുതുന്നു,” സ്മൃതി ഇറാനി അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.

“ഇന്ത്യയുടെ നാശം ആഗ്രഹിക്കുന്ന ആളുകൾക്കൊപ്പമാണ് തങ്ങൾ നിൽക്കുന്നതെന്ന് അവർക്ക് അറിയാമായിരുന്നു.” 2016 ഫെബ്രുവരിയിൽ ജെഎൻയുവിൽ നടന്ന ഒരു സംഭവത്തെ പരാമർശിച്ച് സ്മൃതി ഇറാനി പറഞ്ഞു.

അടുത്തിടെ ആജ് തക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ദീപിക പദുക്കോൺ ജെഎൻയുവിലെ അക്രമത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

Read More: ‘എന്റെ കുട്ടി’; കട്ടയ്ക്ക് കൂടെയുണ്ട്, ‘ഛപാക്’ കണ്ട് രൺവീർ കുറിച്ച വാക്കുകൾ

ഇപ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ​ എനിക്ക് വളരെ ദേഷ്യം തോന്നുന്നുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഏറ്റവും മോശം കാര്യം എന്നായിരുന്നു ദീപിക പറഞ്ഞത്.

ജനുവരി അഞ്ചിന് മുഖംമൂടി ധരിച്ച ഒരു സംഘം ആളുകൾ ക്യാംപസിൽ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരുക്കേറ്റ ജെഎൻയുവിലെ വിദ്യാർത്ഥികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ദീപികയെ വിമർശിച്ച് വിവിധ വലതുപക്ഷ ഗ്രൂപ്പുകളും ചില ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. ദീപിക പദുകോണിന്റെ പുതിയ ചിത്രം ഛപാക് ബഹിഷ്കരിക്കാൻ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സിനിമ ബഹിഷ്‌കരിക്കാനുള്ള പ്രചാരണത്തെ സർക്കാരോ ബിജെപിയോ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം ‘ഛപാക്’ എന്ന സിനിമയുടെ ടിക്കറ്റിന് നികുതി ഒഴിവാക്കി രണ്ട് സംസ്ഥാനങ്ങള്‍ ബഹിഷ്കരണ പ്രചാരണത്തിന് ചുട്ട മറുപടിയും നൽകിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സര്‍ക്കാരുകളാണ് ‘ഛപാക്’ സിനിമയ്ക്ക് നികുതി ഒഴിവാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവരുടെ കഥയാണ് ‘ഛപാക്’ പറയുന്നതെന്നും അതിനാല്‍ സിനിമ ടിക്കറ്റിന് മധ്യപ്രദേശ് നികുതി ഒഴിവാക്കുകയാണെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളത്തിലും ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook