scorecardresearch

കടുത്ത സാമ്പത്തിക പ്രതിസന്ധി; മറികടക്കാൻ സ്വകാര്യവത്കരണ നടപടികളുമായി കമ്യൂണിസ്റ്റ് ക്യൂബ 

രണ്ടായിരത്തിലധികം തൊഴിൽമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി മാര്‍ത്ത എലേന ഫൈറ്റോ കാബ്രെറ അറിയിച്ചു

communism, cuba, Economy,covid 19, iemalayalam

ഹവാന: സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍തോതില്‍ സ്വകാര്യവത്കരണ നടപടികള്‍ പ്രഖ്യാപിച്ച് ക്യൂബ. സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വകാര്യ ബിസിനസുകള്‍ക്കായി തുറക്കാനാണു പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം.

ക്യൂബന്‍ കറന്‍സിയായ പെസോയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇരട്ട കറന്‍സി സമ്പ്രദായം റദ്ദാക്കിയും ആഴ്ചകള്‍ക്കുള്ളിലാണു പുതിയ തീരുമാനം. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാനാണ് പരിഷ്‌കരണ നടപടികള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1959 ലെ വിപ്ലവത്തിനുശേഷമുള്ള ആദ്യ നടപടിയാണിത്. പാപ്പരത്തത്തിലേക്കു നയിച്ചാലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില കമ്പനികള്‍ക്കുള്ള സബ്‌സിഡി അവസാനിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്.

രണ്ടായിരത്തിലധികം തൊഴിൽമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി മാര്‍ത്ത എലേന ഫൈറ്റോ കാബ്രെറ പറഞ്ഞു. നിലവില്‍ 127 തൊഴിലുകളില്‍ മാത്രമാണു സ്വകാര്യ പങ്കാളിത്തമുള്ളത്. ഇനി 124 തൊഴില്‍ മേഖലകള്‍ മാത്രമേ ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാരിന്റെ അധീനതയില്‍ നിലനിര്‍ത്തുകയുള്ളൂ. അതേസമയം ഇവ ഏതൊക്കെയാണെന്ന് കാബ്രെറ വ്യക്തമാക്കിയില്ല.

Also Read: സൗദിയിലേക്കും കുവൈത്തിലേക്കും പോകാൻ യുഎഇയിലെത്തിയ ഇന്ത്യക്കാർ മടങ്ങിപ്പോവണമെന്ന് എംബസി

അതേസമയം, സാമ്പത്തിക പരിഷ്‌കരണവും സ്വകാര്യമേഖലയെ സ്വതന്ത്രമാക്കാനുള്ള തീരുമാനവും രാഷ്ട്രീയമായി അപകടകമാണെന്നാണു വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. കറന്‍സി മൂല്യത്തകര്‍ച്ച മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം, ഇന്ധനം എന്നിവയുടെയും  വില വര്‍ധനവിന് കാരണമായി. വേതനത്തിലും പെന്‍ഷനിലും വര്‍ധനവുണ്ടായിട്ടും ജനങ്ങളുടെ പരാതികള്‍ക്ക് ഇടയാക്കി.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം സാമ്പത്തിക ഉപരോധം കര്‍ശനമാക്കിയതോടെ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദുര്‍ബലമാകുകമായിരുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്ന ക്യൂബയ്ക്ക് കോവിഡ് -19നെത്തുടര്‍ന്ന് ടൂറിസം വരുമാനത്തില്‍ വന്‍ ഇടിവ് വന്നതോടെ വിദേശനാണ്യ വിനിമയത്തില്‍ വന്‍ കുറവാണുണ്ടായത്. 2020 ല്‍ സമ്പദ്‌വ്യവസ്ഥ 11 ശതമാനവും ഇറക്കുമതി മൂന്നിലൊന്നായും ഇടിഞ്ഞു. ദൈനംദിന സാധനങ്ങള്‍ വാങ്ങാന്‍ ക്യൂബക്കാര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവന്നു.

കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളില്‍ 80 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. നവംബറില്‍ വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വീണ്ടുമുണ്ടായി എന്നാല്‍ കോവിഡ് -19 കേസുകളുടെ വര്‍ധനവ് ടൂറിസം മേഖലയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകളെ ദുര്‍ബലപ്പെടുത്തുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Deepening economic crisis forces cuba to lift curbs on private business