ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. ഇന്നാണ് അവസാന പ്രവൃത്തി ദിവസം. ബുധനാഴ്ച്ച പുതിയ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് സ്ഥാനം ഏറ്റെടുക്കും. ഏറെ വിവാദങ്ങള്‍ക്കും നിര്‍ണായക വിധികള്‍ക്കും ശേഷമാണ് ദീപക് മിശ്ര സ്ഥാനമൊഴിയുന്നത്.

വിമര്‍ശനങ്ങളും പഴികളും ഒരുപാട് കേട്ട മിശ്ര അവസാനകാലത്തെ ചില സുപ്രധാന വിധികളിലൂടെ പ്രശംസയും നേടി.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെക്ഷന്‍ 377എടുത്ത് മാറ്റിയത്. സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന വകുപ്പ് റദ്ദാക്കിയതോടെ എല്‍ജബിറ്റി കമ്യൂണിറ്റിയെ സമൂഹത്തിന്റെ അംഗീകാരത്തിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. അവസാന കാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമൊരു മറ്റൊരു വിധി വന്നത് വിവാഹേതര ലൈംഗിക ബന്ധത്തിലായിരുന്നു. സെക്ഷന്‍ 497 എടുത്ത് കളഞ്ഞതോടെ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതായി.

സ്ത്രീകളുടെ ശബരിമല പ്രവേശനമാണ് മറ്റൊന്ന്. സ്ത്രീ പ്രവേശനം അനുവദിച്ചതോടെ കാലങ്ങളായുള്ള വാദപ്രതിവാദങ്ങള്‍ക്കും അദ്ദേഹം അറുതി വരുത്തി.നിരവധി വിമര്‍ശനങ്ങള്‍ ഈ പ്രഖ്യാപനത്തിലൂടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നെങ്കിലും പുരോഗമന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു വിധി.

കേരളത്തിൽ നിന്നും ലോകശ്രദ്ധ​പിടിച്ചു പറ്റിയ മറ്റൊരു വാർത്തയിലും വിധി പറഞ്ഞ് ബെഞ്ചിന്റെ അധ്യക്ഷൻ ദീപക് മിശ്രയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം മുസ്‌ലിം ആയി മതം മാറിയ ഹാദിയയുടെ തീരുമാനവും അതിന് ശേഷം ഹാദിയയുടെ വിവാദവും സുപ്രീം കോടതി വരെ എത്തിയിരുന്നു. ഇതിൽ ഹാദിയയ്ക്കും ഭർത്താവ് ഷെഫിൻ ജഹാനും അനുകൂലമായ വിധിയായിരുന്നു ദീപക് മിശ്രയുടെ ബെഞ്ച് പ്രഖ്യാപിച്ചത്. ഇവരുടെ വിവാഹം അസാധുവാക്കിയ വിധി തളളിയായിരുന്നു സുപ്രീം കോടതിയുടെ വിധി.

അര്‍ധരാത്രി കോടതി ചേര്‍ന്ന് 1993 മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായ ഹര്‍ജി തള്ളിയതും കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ വിഷയം പരിഗണിച്ചതും ദീപക മിശ്രയെ വിവാദത്തിലാക്കിയിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത കേസില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന വിധി 377ന്റേയും ശബരിമലയിലെ ചരിത്രവിധിയുടേയും ഇടയില്‍  ഒട്ടേറെ വിമർശനങ്ങളേറ്റ് വാങ്ങിയ വിധിയായിരുന്നു.

വിപ്ലവകരമായചില നടപടികള്‍ എടുത്തസമയത്തുതന്നെയാണ് ആധാറിന് അനുമതി നല്‍കുകയും അയോധ്യകേസ് വിശാലബെഞ്ച് പരിഗണിക്കേണ്ട എന്ന വിധിയും ബിഎച്ച് ലോയയുടെ ദുരൂഹ മരണം സി.ബി.ഐ.അന്വേഷിക്കണ്ട എന്നിങ്ങനെയുള്ള കുപ്രസിദ്ധവിധികളും പുറപ്പെടുവിച്ചത്. തീയറ്ററുകളിലെ ദേശീയഗാന വിവാദവും ഇതില്‍ പെടും.

വിമര്‍ശനങ്ങള്‍ക്കും ഒട്ടും കൂറവുണ്ടായിരുന്നില്ല മിശ്രയുടെ ചീഫ് ജസ്റ്റിസ്  ജീവതത്തിനിടയില്‍. അതില്‍ പ്രധാനപ്പെട്ടതായിരുന്നു മെഡിക്കല്‍ കോഴ വിവാദവും കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ചരിത്രത്തിലാദ്യമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതും കൊളീജിയം തീരുമാനത്തിലെ കേന്ദ്ര ഇടപെടലുകളും.

ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഇന്ന് വൈകിട്ട് യാത്രയയപ്പ് നല്‍കും. നിയുക്ത ചീഫ് ജസ്റ്റിസുംചടങ്ങില്‍പങ്കെടുക്കും. 2017 ആഗസ്റ്റ് മുതലുള്ള സംഭവ ബഹുലമായ ചീഫ് ജസ്റ്റിസ് ജീവിതത്തിന് ഇതോടെ അവസാനമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook