ഡല്‍ഹി: ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയാനാവില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയുണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് ന്യായീകരണവുമായി വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ച് അദ്ധ്യക്ഷൻ കൂടിയായിരുന്ന ദീപക് മിശ്ര രംഗത്തെത്തിയിരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും, സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മിറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു പൊതുവേദിയിൽ ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നത്.

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളതെന്നും, പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഒരുതരത്തിലും നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഒർമ്മപ്പെടുത്തിയ അദ്ദേഹം. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചേർത്തു.

ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിന് പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാകരുതെന്നും ദീപക് മിശ്ര കൂട്ടിച്ചേർത്തു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുകയും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുകയും ചെയ്ത സമീപകാല വിധികള്‍ കണക്കിലെടുത്ത് മാധ്യമങ്ങള്‍ തന്നെ ലിംഗനീതിയുടെ പോരാളി എന്ന് വിശേഷിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook