”പിക്ചര്‍ തോ അഭി ബാക്കി ഹായ് മേരെ ദോസ്ത്,” ഇതായിരുന്നു, അക്രമത്തില്‍ കലാശിച്ച റിപ്പബ്ലിക് ദിന ടാക്റ്റര്‍ പരേഡിന് ഒരാഴ്ച മുന്‍പ് അതായത് ജനുവരി 20 നു പഞ്ചാബി നടന് ദീപ് സിദ്ധു ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞത്. പരേഡില്‍ പങ്കെടുക്കാനായി പഞ്ചാബില്‍നിന്ന് ഡല്‍ഹിയിലേക്കു ട്രാക്ടറുകള്‍ വരുന്നതിനിടെയായിരുന്നു ഈ ലൈവ്. ഈ സമയം, കര്‍ഷക സംഘടനാ നേതാക്കളാവട്ടെ പരേഡിന്റെ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ഡല്‍ഹി പൊലീസുമായുള്ള ചര്‍ച്ചയിലായിരുന്നു.
ഇന്നിപ്പോള്‍, ചെങ്കോട്ടയിലെ അക്രമങ്ങളെത്തുടര്ന്ന് ശ്രദ്ധാകേന്ദ്രമായി മാറിയ ദീപ് സിദ്ധു ഡല്‍ഹി പൊലീസിന്റെ എഫ്ഐആറില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഒപ്പം കര്‍ഷകയൂണിയനുകളുടെ കണ്ണിലെ കരടായും മാറിയിരിക്കുന്നു.
ജനുവരി 23 ന് അദ്ദേഹം പഞ്ചാബിയിലുള്ള ഒരു വെബ് ചാനല്‍ അഭിമുഖം പങ്കുവച്ചിരുന്നു.”ജനുവരി 26 ന് എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല. ഇത് ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കു പുറത്തായിരിക്കും. ഇത് പ്രവചനാതീതമായിരിക്കും, ജനുവരി 26 ന് എന്ത് സംഭവിക്കുമെന്നത് സര്‍വശക്തനു മാത്രമേ അറിയൂ. മനുഷ്യരായ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല,” എന്നാണ് ആ അഭിമുഖത്തില്‍ സിദ്ധു പറഞ്ഞത്.
എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ ഫേസ്ബുക്ക് ലൈവ് രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ നവംബര്‍ 26 നു പ്രതിഷേധം ആരംഭിച്ചതുമുതല്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം) അകറ്റിനിര്‍ത്തിയ സിദ്ധു നേതാക്കളെ മറികടന്ന് കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയായിരുന്നു. ഈ സന്ദേശങ്ങളില്‍ അദ്ദേഹം അടിവരയിട്ട കാര്യം പ്രതിഷേധക്കാര്‍ക്കിടയിലെ ‘ഐക്യത്തിന്റെ ആവശ്യകത’ ആയിരുന്നു. ചെങ്കോട്ട സംഭവത്തിന് ശേഷം ചൊവ്വാഴ്ചയും അദ്ദേഹം പറഞ്ഞ കാര്യം ഇതായിരുന്നു.
താന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന് ആരോപണം നിഷേധിച്ച സിദ്ധു ‘നിഷാന്‍ സാഹിബ്’ പതാക ‘വികാരത്തള്ളിച്ചയില്‍’ ഉയര്‍ത്തിയെന്നാണ് പറയുന്നത്. ”യുവാക്കളുടെ വികാരത്തിന് വിരുദ്ധമായ തീരുമാനമാണ് ഞങ്ങളുടെ നേതാക്കളെടുത്തതെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു,”സിദ്ധു പറഞ്ഞു.
Also Read: കേന്ദ്രത്തിനു പിടിവള്ളി; എന്താകും കര്‍ഷകസമരത്തിന്റെ ഭാവി?
പ്രതിപക്ഷത്തിന്റെ നിശിത വിമര്‍ശനം നേരിടുകയാണ് സിദ്ധു ഇപ്പോള്‍. സിദ്ധു ബിജെപിയുമായി അടുപ്പത്തിലാണെന്നും പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെങ്കോട്ടയിലെ സംഭവങ്ങളെന്നും പ്രതിപക്ഷം ആരോപിച്ചു. ജനക്കൂട്ടത്തെ പ്രേരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: ”ഇക്കാര്യത്തില്‍ പ്രകാശ് ജാവദേക്കറുമായി യോജിക്കാം. അതിനാല്‍ കുറ്റവാളികളെ പിടിക്കാന്‍ നമുക്ക് ഈ പേരില്‍ ആരംഭിക്കാം: ഡീപ് സിദ്ധു, ബിജെപി എംപി സണ്ണി ഡിയോളിന്റെ പ്രചാരണ തലവന്‍. അദ്ദേഹം തന്റെ പങ്ക് മാധ്യമങ്ങള്‍ക്കു മുന്‍പാകെ അംഗീകരിച്ചു കഴിഞ്ഞു… ഈ ഫോട്ടോകള്‍ വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ കൂട്ടാളികളെയും കണ്ടെത്താന്‍ പ്രയാസമില്ല.”
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള സിദ്ധുവിന്റെയും ഡിയോളിന്റെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൂടെയുള്ള സിദ്ധുവിന്റെയും ഫോട്ടോകള്‍ തരൂര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. സിദ്ധുവിന്റെ ചെങ്കോട്ടയില്‍നിന്നുള്ള ചൊവ്വാഴ്ചത്തെ ഫോട്ടോയും തരൂര്‍ പങ്കുവച്ചിരുന്നു.
കര്‍ഷക യൂണിയനുകളുടെ ആരോപണത്തിനെതിരെ ജനുവരി 19 ന് ബി.കെ.യു (ഹരിയാന) പ്രസിഡന്റ് ഗുര്‍നം സിങ് ചദുനിയെയും തന്നെയും പ്രതിരോധിച്ച സിദ്ധു കര്‍ഷക യൂണിയനുകളും താനും തമ്മിലുള്ള വിശ്വാസക്കുറവ് യര്ത്തിക്കാട്ടിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച അംഗമായ ചാദുനി രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായി കര്‍ഷക യൂണിയനുകള്‍ സംശയിച്ചു.
”നമ്മുടെയാള് ശത്രുവിനോടൊപ്പം ഇരിക്കുകയാണെങ്കിലും നമുക്ക് അവനില്‍ വിശ്വാസമുണ്ടായിരിക്കണം… അത് എനിക്കും സംഭവിച്ചു. വെറും 20 ദിവസത്തേക്ക് സണ്ണി ഡിയോളിനായി പ്രചാരണം നടത്തിയതിന് എന്നെ ഒരു ബിജെപി-ആര്‍എസ്എസ് വ്യക്തിയായി മുദ്രകുത്തി്. ഒരു യോഗത്തില്‍ പങ്കെടുത്തതിന് അവര്‍ ഗുര്‍നം സിങ് ചദുനിയെ സംശയിക്കുന്നു. അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ നിങ്ങള്‍ ആരെയും ശത്രുവിന്റെയാളായി മുദ്രകുത്തണമെന്ന് ഇതിനര്‍ത്ഥമില്ല. ഇത് ശരിയായ സമീപനമല്ല,” ഒരു വെബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സിദ്ധു പറഞ്ഞു.
ജനുവരി 21 ന് സിദ്ധു പേര് വെളിപ്പെടുത്താത്ത ഒരാളുമായി അഭിമുഖം നടത്തി. ചില കര്‍ഷകര്‍ യൂണിയന് നേതാക്കള്‍ നവംബര്‍ 26 ന് തന്നെ ബുറാരി മൈതാനത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് സിംഘു അതിര്‍ത്തിയിലെ പ്രതിഷേധക്കാരനായി സ്വയം വിശേഷിപ്പിച്ച ഇയാള്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കാനും പ്രക്ഷോഭകരോട് സിങ്കുവില് തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ”അത് നിര്‍ണായക നിമിഷമായിരുന്നു. ഞങ്ങള്‍ മൈതാനത്തേക്കു മാറിയിരുന്നെങ്കില്‍ മോദി സര്‍ക്കാരിന് മേല്‍ക്കൈയുണ്ടാകും, ”അദ്ദേഹം പറഞ്ഞു. ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം 2.25 ലക്ഷം ആളുകളാണു കണ്ടത്.
Also Read: അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ല; ഒറ്റക്കെട്ടായി സമരം തുടരുമെന്ന് കർഷകർ
ട്രാക്ടര്‍ പരേഡുമായി ബന്ധിപ്പപ്പെട്ട് ജനുവരി 22 ന് സിദ്ധു ഐക്യത്തിനായി ഒരു സന്ദേശം നല്കി. ”അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് നാമെല്ലാവരും ഒന്നാകണമെന്ന് കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിക്കുന്നു. ജനുവരി 26 നമുക്കൊരു പരീക്ഷണമാണ്. വായുവിനുപോലും നമ്മിലൂടെ കടന്നുപോകാന്‍ കഴിയാത്തവിധം നാം ഐക്യപ്പെടണം. ഗുരു ഗ്രന്ഥ സാഹിബില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകേണ്ട സമയമാണിത്,”1.34 ലക്ഷം ഉപയോക്താക്കള്‍ കണ്ട ഒരു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം പറഞ്ഞു.
ജനുവരി 24 ന് അദ്ദേഹം പറഞ്ഞു, ”കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക നേതാക്കളുടെ ഉറച്ച നിലപാടിനെ അഭിനന്ദിക്കുന്നു.” ആ രാത്രിയില്‍, ട്രാക്റ്റര്‍ പരേഡിന്റെ സ്ഥിരീകരിക്കാത്ത സഞ്ചാര രൂപരേഖ അദ്ദേഹം പങ്കുവച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു വലിയ പോരാട്ടം നടത്തിയിട്ടും, മഹാരാജ രഞ്ജിത് സിങ്് ഇല്ലാതിരുന്നതിനാല്‍ സിഖുകാര്‍ എങ്ങനെ പരാജയപ്പെട്ടുവെന്ന് വിവരിക്കുന്ന കവിതയില്‍ നിന്നുള്ള ഒരു ഭാഗവും സഞ്ചാര രൂപരേഖയ്്ക്കൊപ്പം സിദ്ധു പങ്കുവച്ചു.
കര്ഷകകര് അഹിംസയെക്കുറിച്ച് സംസാരിക്കുന്നതിനിടെ, യുഎസില്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണശേഷം നടന്ന അക്രമത്തെക്കുറിച്ച് അദ്ദേഹം ജനുവരി 25 ന് പരാമര്‍ശിച്ചു.”യുഎസില്‍ കടകള്‍ കൊള്ളയടിക്കപ്പെട്ടു, വലിയ തോതിലുള്ള അക്രമവും ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, നമ്മുടെ നാഗരികത ശാന്തതയോടെയാണ് പ്രതികരിക്കുന്നത്, നിരപരാധികളെയൊന്നും വേദനിപ്പിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തില്‍ ഒരു നേതാവും ജര്‍ണെയില്‍ സിങ് ഭീന്ദ്രന്വാലെയെ പോലെ തന്റെ വാക്കിനും ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നില്ലെന്നും സിദ്ധു പറഞ്ഞു.
മറ്റൊരു പോസ്റ്റില്‍, 1984 ലും തുടര്‍ന്നുള്ള കലാപത്തിലും കൊല്ലപ്പെട്ട സിഖുകാര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ഒരു പഞ്ചാബി ഗാനം അദ്ദേഹം പങ്കുവച്ചു.
Also Read: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച
ജനുവരി 25 ന് രാത്രി സിംഘുവിലെ വേദിയില്‍ മണിക്കൂറുകളോളം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തവരില്‍ ഏറെയും യുവാക്കളായിരുന്നു. അക്ക്ൂട്ടത്തില് സിദ്ധുവുമുണ്ടായിരുന്നു.ഐക്യത്
ജനുവരി 26 പുലരും മുന്‍പാണ് സിദ്ധു ഫെയ്സ്ബുക്കില്‍ അവസാനമായൊരു സന്ദേശം പോസ്റ്റ് ചെയ്തത്. ആ ഒറ്റ വരി പോസിറ്റില് പറയുന്നതിങ്ങനെയാണ്: ‘നാം ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്.’
അതേസമയം, സിദ്ധു കേന്ദ്രത്തിന്റെ ഗൂഢാലോചനയാണു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. കര്‍ഷക മുന്നേറ്റത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനായി മോദി സര്‍ക്കാരിന്റെ സഹായവും സഹായവും സമന്വയിപ്പിച്ച ഗൂഢാലോചന നടന്നതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദി, പഞ്ചാബി ഭാഷാ സിനിമകളിലെ താരമായ ദീപ് സിദ്ധു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. പഞ്ചാബി ചിത്രമായ രാംത ജോഗിയിലൂടെയാണ് സിദ്ധു അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു മുന്‍പ് അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുരുദാസ്പൂരില്നിന്നു ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ഡിയോളിന്റെ പ്രചാരണ വിഭാഗം തലവനായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെപേരില്‍ സിഖ്സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിദ്ധുവിന് അടുത്തിടെ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook