ഇണ ചേരലിലെ ഏറ്റവും വിചിത്രമായ രീതിയാണ് പച്ചക്കുതിരയ്ക്ക് ഉളളത്. പലപ്പോഴും ഇണ ചേരലിനിടെ ആണിന്റെ തല കടിച്ച് മുറിച്ചെടുത്ത് പെണ്‍ പച്ചക്കുതിര ഭക്ഷണമാക്കും. എന്നാല്‍ ഇതിനേക്കാളും ഭയാനകമാണ് ആംഗ്ലര്‍ മത്സ്യങ്ങളുടെ ഇണ ചേരല്‍. ആണ്‍ ആഗ്ലര്‍ മത്സ്യത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഇണ ചേരല്‍ പെണ്‍മത്സ്യത്തിന്റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കി മാറ്റുന്നു. ‘കറുത്ത കടൽ പിശാച്’ എന്നാണ് ഈ മത്സ്യങ്ങള്‍ അറിയപ്പെടുന്നത്.

ആംഗ്ലർ മത്സ്യങ്ങളിൽ ആൺമത്സ്യം പെൺമത്സ്യത്തിൻമേൽ പരജീവനസ്വഭാവം പ്രദർശിപ്പിക്കുന്നു. ആൺമത്സ്യം താരതമ്യേന വളരെ ചെറുതാണ്. ഇണ ചേരലിന്റെ ആദ്യഘട്ടത്തില്‍ തന്നെ പെൺമത്സ്യത്തിന്റെ ശരീരത്തോട് ആണ്‍മത്സ്യത്തിന്റെ ചുണ്ടുകള്‍ ചേര്‍ത്ത് പറ്റിപ്പിടിക്കുന്നു. പച്ചക്കുതിരയെ പോലെ ആണ്‍ജീവി മരിക്കുന്നില്ല. പെണ്‍ മത്സ്യത്തിന്റെ ശരീരത്തോട് പറ്റി സ്വന്തം തൊലിപോലും അലിഞ്ഞുചേര്‍ന്നു പോകുന്നു.

ആണ്‍മത്സ്യത്തിന്റെ പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ അലിഞ്ഞുപോകുന്നു. ചിറകുകള്‍ പൊഴിഞ്ഞു പോകും. ആണ്‍മത്സ്യത്തിന്റെ രക്തം പോലും പെണ്‍ മത്സ്യത്തില്‍ അലിഞ്ഞുചേരുന്നു. പെണ്‍മത്സ്യത്തിന് ആവശ്യമായ ബീജമായി ആണ്‍മത്സ്യത്തിന്റെ ശരീരഭാഗം മാറിപ്പോകുന്നു. പിന്നീട് പെണ്‍മത്സ്യത്തിന്റെ ജീവിതം അവസാനിക്കും വരെ അതിന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്ന് സഞ്ചരിക്കുന്നു. പെണ്‍മത്സ്യം മറ്റ് മത്സ്യങ്ങളോട് ഇണ ചേരുന്ന സമയം പോലും ആദ്യത്തെ ആണ്‍മത്സ്യം അതേപടി ഉപയോഗശൂന്യമായ രീതിയില്‍ ചേര്‍ന്ന്കിടക്കും. എന്നാല്‍ ഈ രീതിയിലുളള ജീവിതത്തിലൂടെ ആണ്‍മത്സ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നു.

ലോഫിഫോമിസ് മത്സ്യവർഗത്തിലെ അംഗമാണ് ആംഗ്ലർ മത്സ്യം. ഈ വർഗത്തിൽ 90-ഓളം സ്പീഷീസുണ്ട്. ഇരപിടിയൻമാരായ ആഴക്കടൽ മത്സ്യങ്ങളായത് കൊണ്ട് തന്നെ ഇത്തരത്തിലുളള ഇണചേരല്‍ പെണ്‍മത്സ്യത്തിന്റെ ശരീരത്തില്‍ ഫലപ്രദമായ രീതിയില്‍ ബീജം കടക്കാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വാദം. വെളളിയാഴ്ചയാണ് ഇത് വ്യക്തമാക്കുന്ന ആദ്യ വീഡിയോ പുറത്തുവിട്ടത്. അറ്റ്‍ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനടുത്ത് നിന്നും 2016ലാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇണകളെ ഏകദേശം അരമണിക്കൂറാണ് പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തിയത്.

ലോഫിഫോമിസ് വർഗത്തിലെ മിക്ക മത്സ്യങ്ങളെയും ആംഗ്ലർ മത്സ്യങ്ങളെന്നു പറയാറുണ്ടെങ്കിലും ലോഫിഡെ കുടുംബത്തിലെ ഗൂസ്‌ മത്സ്യങ്ങളിലെ ലോഫിയസ് പിസ്ക്കറ്റോറിയസ് എന്ന ഇനമാണ് ആംഗ്ലർ മത്സ്യം എന്ന പേരിൽ അറിയപ്പെടുന്നത്. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും തീരങ്ങളിൽ ഇവ സമൃദ്ധിയായി കാണപ്പെടുന്നു. നീണ്ട വായും നീണ്ടു പുറകോട്ടു വളഞ്ഞ പല്ലുകളും വലിയ പരന്ന തലയും ഇവയുടെ പ്രത്യേകതകളാണ്. പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകൾ വായ്ക്കുള്ളിൽ അകപ്പെടുന്ന ഇര രക്ഷപ്പെടാതിരിക്കാൻ സഹായിക്കുന്നു. പരന്ന ശരീരമുള്ള ഈ മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതു കാരണം ശത്രുക്കൾക്ക് ഇവയെ വേഗം തിരിച്ചറിയാൻ കഴിയുകയില്ല. കടലിന്റെ അടിത്തട്ടിൽ യുഗ്മപത്രങ്ങളുടെ സഹായത്തോടെ നടക്കുവാനും ഇവയ്ക്കു കഴിവുണ്ട്.

മുൻപൃഷ്ഠപത്രം ഒരു ചൂണ്ടക്കമ്പുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിന്റെ ആദ്യത്തെ മൂന്നു മുള്ളുകൾ നീണ്ടവയാണ്. ഇവയിൽ ഏറ്റവും നീളംകൂടിയ ഒന്നാമത്തെ മുള്ളിനു മാത്രം സ്വതന്ത്രമായി ചലിക്കാൻ കഴിവുണ്ട്. മുകളിലേക്കു തള്ളിനില്ക്കുന്ന ഒരു കൊളുത്തു പോലെയാണിതു കാണപ്പെടുന്നത്; ഇതിനൊരു ചർമാവരണമുണ്ട്. സ്വയംപ്രകാശനശക്തിയുള്ള ഈ പൃഷ്ഠപത്രം ചലിപ്പിച്ച് മറ്റു മത്സ്യങ്ങളെവരെ വിഴുങ്ങുവാൻ ഇവയെ സഹായിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ