റോഡപകടങ്ങളുടെ എണ്ണവും, മരണവും, പരുക്കേറ്റവരുടെ എണ്ണവും 2018 മുതൽ 2020 വരെ കുറഞ്ഞു. 2019 ൽ 4.5 ലക്ഷം റോഡപകടങ്ങളാണ് നടന്നത്, മരണം 1.5 ലക്ഷം. 2020 ൽ 3.5 ലക്ഷം റോഡപകടങ്ങൾ നടന്നു, മരണം 1.3 ലക്ഷം. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച ലോക്‌സഭയുടെ മേശപ്പുറത്താണ് ഈ കണക്കുകൾ വച്ചത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് വിദ്യാഭ്യാസം, എൻജിനീയറിംഗ് (റോഡുകളും വാഹനങ്ങളും), എൻഫോഴ്‌സ്‌മെന്റ്, എമർജൻസി കെയർ എന്നിവയെ അടിസ്ഥാനമാക്കി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ പ്രവീൺ കുമാർ നിഷാദിന്റെ (ബിജെപി) ചോദ്യത്തിന് മറുപടിയായി ഗഡ്കരി നൽകി.

റോഡപകടങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണ്. കേരളത്തിൽ 2020 ൽ 27,877 റോഡപകടങ്ങളാണ് നടന്നത്. 2020-ൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടന്നത് തമിഴ്‌നാട്ടിലാണ് (45,484). മധ്യ പ്രദേശ് (45,266), ഉത്തർപ്രദേശ് (34,243), കർണാടക (34,178), കേരളം (27,877), മഹാരാഷ്ട്ര (24,971). റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഉത്തർപ്രദേശിലാണ് (19,149). മഹാരാഷ്ട്ര (11,569), മധ്യപ്രദേശ് (11,141), കർണാടക (9,760), രാജസ്ഥാൻ (9,250) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.