ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായി ഒമർ അബ്‌ദുള്ള. ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ട എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പാക്കിസ്ഥാനും, ഭീകരവാദികൾക്കും ഹുറിയത്തുകൾക്കും മുന്നിൽ കീഴടങ്ങുന്നത് പോലെയാണെന്ന് ഒമർ അബ്‌ദുള്ള പറഞ്ഞു.
“ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നില്ല എന്ന് ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ട്വിറ്ററിൽ കുറിച്ചത് വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി പാക്കിസ്ഥാന്റെയും ഭീകരവാദികളുടെയും ഹുറിയത്തുകളുടെയും മുന്നിൽ കീഴടങ്ങിയിരിക്കുന്നു,” ഒമർ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ രാജ്നാഥ് സിങ്ങിനെതിരെയാണ് ഒമർ അബ്‌ദുള്ള ആഞ്ഞടിയ്ക്കുന്നത്. ” പാർലമെന്റിലും, സർവ്വകക്ഷിയോഗത്തിലും രാജ്നാഥ് സിങ്ങ് ഉറപ്പ് നൽകിയതാണ് തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ സുരക്ഷ നൽകാമെന്ന്. ആ ഉറപ്പിന് എന്ത് സംഭവിച്ചു?”
1996 മുതൽ ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുന്നില്ലയെന്നും ഒമർ അബ്‌ദുള്ള ആരോപിച്ചു. നാല് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജമ്മു കാശ്മീരിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും നീളും.