ന്യൂഡൽഹി: കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യം നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ.പോൾ. കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചാൽ എല്ലാ കുട്ടികൾക്കും ആ സമയത്ത് തന്നെ വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാൻ അനുമതി ലഭിച്ച ഫൈസർ എംആർഎൻഎ വാക്സിൻ വാങ്ങാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, ”കുട്ടികൾക്ക് വാക്സിൻ നൽകാൻ ഇന്ത്യക്ക് ഏകദേശം 25-26 കോടി ഡോസ് വാക്സിൻ വേണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കുട്ടികൾക്ക് ഏത് വാക്സിൻ നൽകുമെന്ന പ്രശ്നത്തിൽ, ദയവായി ഓർക്കുക കുട്ടികളുടെ എണ്ണം ചെറുതല്ല, എന്റെ വിശകലനം പ്രകാരം 12നും 18നും ഇടയിൽ പ്രായമുള്ളവർ തന്നെ 13-14 കോടിക്ക് അടുത്ത് വരും. അതായത് ഇവർക്ക് മാത്രം 25-26 കോടി ഡോസ് വേണം. കുറച്ചു കുട്ടികൾക്ക് വാക്സിൻ നൽകി കുറച്ചു കുട്ടികൾക്ക് നൽകാതെ ഇരിക്കാനാവില്ല” പോൾ പറഞ്ഞു.
ഭാരത് ബയോടെക്കിന്റെ കോവാക്സിനു പുറമെ സിദാസ് കാഡിലാസ് വാക്സിനും കുട്ടികളിൽ പരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടു വാക്സിനും കുട്ടികളിൽ പ്രതിരോധ ശേഷി ഉണ്ടാക്കാൻ കഴിയുന്ന വാക്സിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ കാര്യങ്ങൾ പരിഗണിച്ച് വേണം നമ്മുടെ പദ്ധതിയുണ്ടാക്കാൻ. ആദ്യം ഏത് വാക്സിൻ നൽകുമെന്നതാണ്, നിലവിൽ ആദ്യ ചോദ്യം, ഇപ്പോൾ വാക്സിൻ ‘എ’ ആയി ഫൈസറാണ് ഉചിതം. പക്ഷേ ഒരിക്കൽ ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ ആരൊക്കെയാണ് സംരക്ഷണം നൽകുകയെന്നത് കൂടി ഓർക്കണം. എനിക്ക് ഒരു കാര്യം ഉറപ്പു നൽകാൻ കഴിയും, ഇതെല്ലാം നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” വി.കെ.പോൾ പറഞ്ഞു.
Read Also: ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
കഠിനമായ പാർശ്വഫലങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ ഫൈസറും ഇന്ത്യൻ നിർമ്മാതാക്കളും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
“തത്വത്തിൽ, അവർ (വിദേശ നിർമ്മാതാക്കൾ) നഷ്ടപരിഹാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് അവർ പറഞ്ഞിരിക്കുന്നത്, അങ്ങനെയാണ് ലോകത്തെല്ലായിടത്തും നടക്കുന്നതും. ഞങ്ങൾ മറ്റു രാജ്യങ്ങളുമായും പരിശോധിച്ചു. ചില കമ്പനികൾ അപേക്ഷിച്ചിട്ടുണ്ട്, അവരുമായി ചർച്ചയിലാണ് ഇപ്പോൾ ഒരു തീരുമാനവും എടുത്തിട്ടില്ല” പോൾ പറഞ്ഞു.