ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ജനുവരി 22ന്. കേസിലെ നാല് പ്രതികള്‍ക്കും കോടതി മരണവാറന്‌റ് പുറപ്പെടുവിച്ചു. സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി നടപ്പാക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് വാറന്‌റ് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ഏഴിനു തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക.
രാജ്യ തലസ്ഥാനത്ത് ഇരുപത്തി മൂന്നുകാരിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസിൽ പട്യാല കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ് (33), പവന്‍ ഗുപ്ത(24), വിനയ് ശർമ (25), മുകേഷ് സിങ് (31) എന്നിവരാണ് കേസിലെ പ്രതികൾ.
മകള്‍ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര്‍ പ്രതികരിച്ചു.
രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.
Read Also: അവരെന്റെ വയറ്റിൽ ചവിട്ടി, പാക്കിസ്ഥാനിയെന്നു വിളിച്ചു: സദാഫ് ജാഫർ
ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.