/indian-express-malayalam/media/media_files/uploads/2020/03/Gang-Rape-Case.jpg)
Delhi Rape Case Convicts Hanged to Death
ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടു മുൻപു വരെ കോടതിയിൽനിന്നും അദ്ഭുതകരമായ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്ന് ഡൽഹി കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികൾ പ്രതീക്ഷിച്ചിരുന്നതായി ജയിൽ അധികൃതർ. തിഹാർ ജയിലിലെ മൂന്നാം നമ്പർ കോംപ്ലക്സിലെ സെല്ലുകളിൽ തടവിൽ പാർപ്പിച്ചിരുന്ന കുറ്റവാളികളെ എപ്പോഴും നിരീക്ഷിക്കുന്നതിനായി 15 അംഗ കാവൽ സംഘം ഉണ്ടായിരുന്നു. കുറ്റവാളികളെ തൂക്കു മരത്തിന് അടുത്തേക്ക് കൊണ്ടുപോകുന്നതിന് തൊട്ടു മുൻപുവരെ അവരുടെ ചോദ്യങ്ങൾക്ക് കാവൽക്കാർ മറുപടി നൽകി.
പുലർച്ചെ 5.30 നാണ് കുറ്റവാളികളായ വിനയ് ശർമ, മുകേഷ് സിങ്, പവൻ ഗുപ്ത, അക്ഷയ് സിങ് താക്കൂർ എന്നിവരെ തൂക്കിലേറ്റിയത്. ''വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടു മുൻപുവരെ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു. കോടതിയിൽനിന്നും എന്തെങ്കിലും ഉത്തരവ് വന്നിട്ടുണ്ടോയെന്ന് ചോദിക്കുന്നുണ്ടായിരുന്നു'' ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലർച്ചെ 4.45 ന് ജയിൽ നമ്പർ മൂന്നിനകത്തുവച്ച് കുറ്റവാളികൾ കേൾക്കെ ജില്ലാ മജിസ്ട്രേറ്റ് മരണ വാറന്റ് വായിച്ചു. അതിനുശേഷം അവരെ തൂക്കു മരത്തിനു അടുത്തേക്ക് കൊണ്ടുപോയി. മുകേഷ്, വിനയ് എന്നിവരെ 8-ാം നമ്പർ സെല്ലിലും പവനെ സെൽ നമ്പർ ഒന്നിലും അക്ഷയ്‌യെ സെൽ നമ്പർ 7 ലുമാണ് പാർപ്പിച്ചിരുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.
''വ്യാഴാഴ്ചയാണ് അവർ അവസാനമായി ഭക്ഷണം കഴിച്ചത്. ദാൽ, റൊട്ടി, സബ്സി, ചോറ് എന്നിവയായിരുന്നു വിഭവങ്ങൾ. സ്‌പെഷ്യൽ വിഭവം വേണമെന്ന് അവർ ആവശ്യപ്പെട്ടില്ല. എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു. പക്ഷേ അക്ഷയ്‌യും പവനും രാത്രി ഭക്ഷണം കഴിച്ചില്ല. അക്ഷയ് ചായ കുടിച്ചു. രാത്രി 2 മണിക്ക് മുകേഷ്, അക്ഷയ്, വിനയ് എന്നിവർ ലഡ്ഡുവും ന്യൂഡിൽസും ചോദിച്ചു. ജയിൽ അധികൃതർ അവ നൽകി. അവരാരും കുളിക്കുകയോ പ്രാർഥിക്കുകയോ ചെയ്തില്ല'' ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ: നീതി നടപ്പിലായെന്ന് പ്രധാനമന്ത്രി
വ്യാഴാഴ്ച രാത്രി 11 മണിക്കാണ് അവസാനത്തെ മെഡിൽക്കൽ പരിശോധന നടത്തിയത്. അവരെ കൗൺസിൽ ചെയ്യാനായി ഒരു സൈക്യാട്രിസ്റ്റും ഉണ്ടായിരുന്നുവെന്ന് ഡൽഹി ജയിൽ ഡിജിപി സന്ദീപ് ഗോയൽ പറഞ്ഞു.
വിനയ്‌യും പവനും ജയിൽ അധികൃതർ നൽകിയ പുതിയ വസ്ത്രം ധരിക്കാൻ തയാറായില്ല. തൂക്കുമരത്തിനു അടുത്തേക്ക് കൊണ്ടുപോകുന്നതിനു മുൻപായി വിനയ് പോകാൻ തയാറാകാതെ നിലത്തു കിടന്നു കരയുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. മറ്റൊരു പ്രതിയും കരയുകയും തുടർച്ചയായി മാപ്പപേക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തതായി ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് ആരാച്ചാർ പവൻ ജല്ലാദ് എത്തിയത്. ഓരോരുത്തരെയും തൂക്കിലേറ്റിയതിന് 15,000 വീതമാണ് അദ്ദേഹത്തിന് നൽകിയത്. ജില്ലാ മജിസ്ട്രേറ്റ്, ജയിൽ സൂപ്രണ്ട്, രണ്ടു അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടുമാർ, ഒരു വാർഡൻ, ഒരു മെഡിക്കൽ ഓഫീസർ, ഡൽഹി ജയിൽ ഡിജി എന്നിവരും ജയിൽ നമ്പർ 3 യിൽ സന്നിഹിതരായിരുന്നു.
പ്രതികൾ ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച പണം ആർക്കാണ് നൽകേണ്ടതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ അവരോട് ചോദിച്ചു. ''വിൽപത്രം സമർപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവരോട് ചോദിച്ചെങ്കിലും ആരും ചെയ്തില്ല. തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നായിരുന്നു മുകേഷിന്റെ അന്ത്യാഭിലാഷം. പക്ഷേ അതിൽ ജയിൽ അധികൃതർക്ക് തീരുമാനമെടുക്കാനാവില്ല, മുകേഷിന്റെ കുടുംബമാണ് തീരുമാനിക്കേണ്ടത്. വിനയ് ജയിലനകത്തുവച്ച് ഹനുമാന്റെ ഒരു ചിത്രം വരച്ചിരുന്നു, അത് തന്റെ അമ്മയ്ക്ക് നൽകണമെന്ന് പറഞ്ഞു. പൂർത്തിയാക്കാത്ത മറ്റൊരു ചിത്രവും ഉണ്ടായിരുന്നു. അതയാൾ ജയിൽ സൂപ്രണ്ടിന് നൽകി. സെല്ലിലെ ഹനുമാൻ ചാലീസയുടെ പകർപ്പും തന്റെ മറ്റെല്ലാ വസ്തുക്കളും അമ്മയ്ക്ക് നൽകണമെന്നു പറഞ്ഞു. നാലുപേരുടെയും അക്കൗണ്ടിൽ 2,000 മുതൽ 3,000 രൂപ വരെയുണ്ട്. ഈ പണവും വസ്ത്രങ്ങളും ബെഡ്ഷീറ്റും അവരുടെ കുടുംബാംഗങ്ങൾക്ക് നൽകും'' ജയിൽ വൃത്തങ്ങൾ അറിയിച്ചു.
Read in English: December 16 gangrape: Till last moment, convicts kept hoping for court miracle
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.