ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു. വിനയ് ശർമ(26)യാണ് ഹർജി സമർപ്പിച്ചത്. അക്ഷയ് കുമാർ, പവൻ ഗുപ്ത, മുകേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ജനുവരി 22ന് രാവിലെ ഏഴിനു തിഹാർ ജയിലിൽ നാലുപേരുടെയും വധശിക്ഷ നടപ്പാക്കാൻ ഡൽഹിയിലെ പട്യാല കോടതി കഴിഞ്ഞ ദിവസം വാറന്റ് പുറപ്പെടുവിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് കോടതി പ്രതികൾക്ക് വാറന്റ് നൽകിയത്.
നാലുപേരെയും വധശിക്ഷ നടപ്പാക്കുന്ന തീയതി വരെ ഇൻസുലേഷൻ സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 22 ന് രാവിലെ ഏഴിന് മൂന്നാം നമ്പർ ജയിൽ മുറിയിൽ ഇവരുടെ വധശിക്ഷ നടപ്പാക്കും.
അന്തിമ ശിക്ഷാവിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിയ ശേഷമാണ് തിരുത്തൽ ഹർജി സമർപ്പിക്കുക. നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നും വിധിയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ഉറപ്പാക്കാനാണ് തിരുത്തൽ ഹർജി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടാത്ത പക്ഷം ജഡ്ജിമാരുടെ ചേംബറിലായിരിക്കും ഹർജി പരിഗണിക്കുക.
Read More: ‘എന്റെ മകനെ രക്ഷിക്കണം’; ‘നിർഭയ’യുടെ അമ്മയോട് പ്രതിയുടെ അമ്മ
വിനയ് ശർമ സമർപ്പിച്ച തിരുത്തൽ ഹർജി ചേംബർ തള്ളുകയാണെങ്കിൽ നാല് പ്രതികൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹർജി സമർപ്പിക്കാം. ഭരണഘടനയുടെ ആർട്ടിക്കിൾ 72, 161 പ്രകാരം കോടതികൾ നൽകുന്ന ശിക്ഷയ്ക്ക് മാപ്പ് നൽകാനോ ശിക്ഷയിൽ ഇളവ് നൽകാനോ യഥാക്രമം ഇന്ത്യൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും അധികാരമുണ്ട്.
ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്. രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്.
ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.