ന്യൂഡല്‍ഹി: ഡൽഹിയിൽ 2012 ൽ നടന്ന കൂട്ടബലാൽസംഗ കേസിലെ നാല് പ്രതികൾക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ മുകേഷ് (29), പവൻ ഗുപ്ത (22), വിനയ് ശർമ്മ (23) എന്നിവർ നൽകിയ അപ്പീൽ തളളിയാണ് സുപ്രീം കോടതി വിധി.
ഈ കേസിൽ മൊത്തം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളെ മരിച്ച നിലയിൽ ജയിലിൽ കണ്ടെത്തിയിരുന്നു. ഇതിൽ മറ്റൊരു പ്രതി കുട്ടിക്കുറ്റവാളിയായിരുന്നു. മറ്റ് നാല് പേർക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചു. അതിനെതിരെ വന്ന അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നാല് പ്രതികളുടെ വധശിക്ഷ ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി 2012 ഡിസംബർ 16നാണ് രാജ്യതലസ്ഥനാത്ത് ക്രൂരമായ അക്രമത്തിനും ബലാൽസംഗത്തിനും ഇരയായി കൊല്ലപ്പെട്ടത്. ഇതിലെ ഒരു പ്രതിയായ രാം സിങ്ങിനെ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ മറ്റൊരു കുറ്റവാളി പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഈ പ്രതിയെ മൂന്നുവർഷത്തിന് ശേഷം ദുർഗുണപരിഹാരപാഠശാലയിൽ നിന്നും മോചിതനാക്കിയിരിന്നു.
ഈ കേസിലെ നാലാം പ്രതി അക്ഷയ് കുമാർ സിങ് (31) ഇതുവരെ റിവ്യൂ പെറ്റീഷൻ നൽകിയിട്ടില്ലെന്ന് അഭിഭാഷകൻ എ.പി.സിങ് പിടിഐയോട് പറഞ്ഞു. അക്ഷയ് കുമാർ സിങ്ങിന്റെ റിവ്യൂപെറ്റീഷൻ അപേക്ഷ ഫയൽ ചെയ്യുമെന്നും അഭിഭാഷകൻ പറഞ്ഞു.