ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രര്‍ത്തകന്‍ രവീഷ് കുമാറിനെതിരെ വധഭീഷണി. തനിക്കെതിരായ വധഭീഷണികള്‍ വര്‍ധിച്ചുവരികയാണെന്ന് എന്‍ഡിടിവിയിലെ പരിപാടിക്കിടെയാണ് രവീഷ് കുമാര്‍ പറഞ്ഞത്. മുമ്പും ഭീഷണികളുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം മുതല്‍ അത് അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സിഐഎസ്എഫ് ജവാനായ ഒരാളാണ് ഏറ്റവും ഒടുവിലായി തനിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് രവീഷ് പറയുന്നു. രവീഷിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് വെടിവച്ച് കൊല്ലുമെന്നാണ് ഇയാളുടെ ഭീഷണി. അതേസമയം അദ്ദേഹത്തിന്റെ വീടിന്റെ വിലാസവും നിത്യവും സഞ്ചരിക്കുന്ന വഴിയുമെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മറ്റൊരാളുടെ ഭീഷണി.

രവീഷിനെ കൊല്ലുമെന്നും കുടുംബത്തിലെ സ്ത്രീകളെ പീഡിപ്പിക്കുമെന്നും അദ്ദേഹത്തിന് ലഭിച്ച വീഡിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങളിലും മറ്റും പറയുന്നു. അതേസമയം, തനിക്കെതിരായ ഭീഷണികള്‍ വളരെ കൃത്യമായി തന്നെ ആസൂത്രണം ചെയ്തതാണെന്നും രാഷ്ട്രീയ പിന്തുണയുണ്ടെന്നും രവീഷ് കുമാര്‍ ദ് ഹിന്ദുവിനോട് പറഞ്ഞു.

ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരായ ഭീഷണികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് രവീഷ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറയുന്നു.

രവീഷ് കുമാറിനെതിരായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം എന്‍ഡിടിവിയില്‍ ചര്‍ച്ച നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടേയും വാട്‌സ്ആപ്പിലൂടേയുമുള്ള ഭീഷണികളും എന്‍ഡിടിവി പുറത്ത് വിട്ടിരുന്നു. ‘രവീഷ് കുമാര്‍ കേള്‍ക്കാന്‍ വേണ്ടിയാണ് പറയുന്നത്. ഒരു നാള്‍ നീ എന്റെ കൈകൊണ്ട് മരിക്കും,’ എന്ന് ഒരാള്‍ പറയുന്ന വീഡിയോയും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം, സമാനമായ രീതിയില്‍ വധഭീഷണി നേരിടുന്ന മാധ്യമപ്രവര്‍ത്തകയായ റാണാ അയൂബിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ യുഎന്‍ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ