ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയിൽ മരണ നിരക്ക് ഉയരുന്നു. 1558 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മണ്ണിനടിയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ദക്ഷിണ പാലുവിൽ കുടുങ്ങിയവരുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കി. 1700 വീടുകളാണ് ഈ മേഖലയിൽ മാത്രം മണ്ണിനടിയിലായത്. ഗതാഗത സൗകര്യങ്ങൾ താറുമാറായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിപ്പെടാൻ നേരിടുന്ന പ്രയാസമാണ് ഇതിന് കാരണം.
സമുദ്രതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിലും തുടർചലനങ്ങളിലും സുനാമിയിലുമായി ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളും തകർന്നു.
സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് ആഞ്ഞടിച്ച പത്തടി ഉയരമുള്ള സുനാമി തിരമാലകൾ നിരവധി കെട്ടിടങ്ങളെ വിഴുങ്ങുകയായിരുന്നു. പാലു നഗരത്തിലെ പ്രധാന ആശുപത്രിക്കു ഭൂകമ്പത്തിൽ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിക്കു പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്.
ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. പക്ഷെ മിനിറ്റുകൾക്ക് ശേഷം അതിശക്തമായ ഭൂചലനം വീണ്ടും ഉണ്ടായി. ഇതോടെ സുനാമി കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കരയിലേക്ക് അടിച്ച് കയറിയത്.