ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കുന്ന വിധത്തിലുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഐക്യകണ്‌ഠേനെയാണ് ബില്‍ സഭ പാസാക്കിയത്. ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും ബില്ലില്‍ പറയുന്നുണ്ട്.

നിലവില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം അനുസരിച്ച് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തി ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു.

കൂട്ട ലൈംഗിക അതിക്രമത്തിന് ആജീവനാന്തം തടങ്കലോ വധശിക്ഷയോ ആകും നല്‍കുക. ലൈംഗിക അതിക്രമക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പൊലീസ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.

അതേസമയം, രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഇത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook