scorecardresearch

Latest News

വിദ്യാര്‍ഥികളുടെ ദൂരൂഹ മരണം: ആശാറാം ബാപ്പുവിനും മകനും ക്ലീന്‍ചിറ്റ്

രണ്ട് ആൺകുട്ടികളും ആശ്രമം സ്ഥിതിചെയ്യുന്നതിനടുത്തുള്ള സബർമതിയിൽ മുങ്ങിമരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി

asaram ashram death, ആശാറാം ബാപ്പു, Asaram black magic, ആശാറാം ആശ്രമം, black magic in asaram ashram, narayan Sai, iemalayalam, ഐഇ മലയാളം

ഗാന്ധിനഗര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ച രണ്ട് വിദ്യാര്‍ഥികളെ 2008ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ റായിക്കും ക്ലീന്‍ചിറ്റ്. കേസ് അന്വേഷിച്ച ജസ്റ്റിസ് ഡി.കെ.ത്രിവേദി കമ്മീഷനാണ് ഇരുവർക്കും ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് വെള്ളിയാഴ്ച ഗുജറാത്ത് നിയമസഭയില്‍ വച്ചത്.

രണ്ട് ആൺകുട്ടികളും ആശ്രമം സ്ഥിതിചെയ്യുന്നതിനടുത്തുള്ള സബർമതിയിൽ മുങ്ങിമരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. മന്ത്രവാദത്തിനായി ആരും കുട്ടികളുടെ ശരീരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഈ കണ്ടെത്തലുകളും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഗുജറാത്ത് സർക്കാരിനു കമ്മീഷൻ നൽകിയ ശുപാർശകളും, വെള്ളിയാഴ്ച സംസ്ഥാന നിയമസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷം പരസ്യമാക്കി.

ആശാറാം ആശ്രമ ഗുരുകുലത്തിൽ പഠിച്ചുകൊണ്ടിരുന്ന അഹമ്മദാബാദിലെ റാണിപ് പ്രദേശവാസികളായ ദിപേഷ് (11), അഭിഷേക് (10) എന്നിവരെ 2008 ജൂലൈ 3 ന് ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. കുട്ടികളുടെ വികൃതമാക്കിയ മൃതദേഹങ്ങൾ രണ്ട് ദിവസത്തിന് ശേഷം ജൂലൈ 5 ന് സബർമതി നദീതീരത്തു നിന്ന് കണ്ടെടുത്തു.

മൃതദേഹം കണ്ടെത്തുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഹോസ്റ്റലില്‍നിന്നു കുട്ടികളെ കാണാതായത്. ആശാറാമിന്റെ ആശ്രമവും സ്‌കൂള്‍ ഹോസ്റ്റലും നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ആശാറാം ബാപ്പുവും മകനും കുട്ടികളുടെ മേല്‍ ദുര്‍മന്ത്രവാദം നടത്തിയെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നും മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

പ്രതിഷേധങ്ങളെ തുടർന്ന്, 2008 ജൂലൈ 21 ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി, വിരമിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഡി.കെ.ത്രിവേദിയുടെ ഒരംഗ കമ്മീഷനെ നിയമിച്ചു. കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യാനുമാണ് കമ്മീഷനെ നിയമിച്ചത്.

കമ്മീഷൻ റിപ്പോർട്ട് 2013 ഓഗസ്റ്റിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആൺകുട്ടികളുടെ മൃതദേഹങ്ങൾ പരിശോധിച്ചതിൽ നിന്നും മുങ്ങി മരണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ശരീരത്തിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹങ്ങൾ വികൃതമായ അവസ്ഥയിൽ കണ്ടെത്തി എന്ന കാരണം കൊണ്ടു മാത്രം മന്ത്രവാദത്തിനായി കുട്ടികളെ കൊലപ്പെടുത്തി എന്ന് പറയാനാകില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിപേഷിനെയും അഭിഷേകിനെയും കാണാതായത് ആശ്രമം ഗുരുകുൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണെന്ന് ആരോപിച്ച കമ്മീഷൻ, അത്തരം അശ്രദ്ധകൾ ഒട്ടും വച്ചുപൊറുപ്പിക്കാവുന്നതല്ലെന്നും പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Death of two school kids asaram son get clean chit from probe commission

Best of Express