അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയില്‍ കോളിളക്കം സൃഷ്ടിച്ച കോപാർഡി കൂട്ട ബലാത്സംഗ-കൊലപാതക കേസില്‍ കോടതിയുടെ നിര്‍ണായക വിധി. പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് അഹമ്മദ്‌നഗര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ജിതേന്ദര്‍ ഷിന്‍ഡെ, സന്തോഷ് ജി.ഭാവല്‍, നിതിന്‍ ഭൈലൂം എന്നിവര്‍ക്കാണ് ജഡ്ജി സുവര്‍ണ ഖിയോലോ ശിക്ഷ വിധിച്ചത്.

അഹമ്മദ്നഗർ സ്‌പെഷ്യൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. മാനഭംഗം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ. മാനഭംഗം, കൊലപാതകക്കുറ്റം എന്നിവ ചുമത്തിയാണ് ഷിൻഡെയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ രണ്ട് കുറ്റങ്ങൾക്ക് കൂട്ടുനിന്നത് കൂടാതെ കുറ്റം ചെയ്യാൻ ഷിൻഡെയെ പ്രേരിപ്പിച്ചതിനുമാണ് ഭാവലിനും ഭൈലൂമിനും വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ പ്രതികൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്.

കഴിഞ്ഞ വർഷം ജൂലൈ 13നാണ് മഹാരാഷ്ട്രയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ മാനഭംഗം നടന്നത്. പുണെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള കോപാർഡിയിലാണ് സംഭവം നടന്നത്. മുത്തശ്ശിയുടെ വീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെ രാത്രിയിൽ പെൺകുട്ടിയെ മൂന്നു പ്രതികളും പതിയിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.

നിര്‍മാണത്തൊഴിലാളികളായിരുന്നു മൂന്നു പ്രതികളും. ശാരീരികമായി കൊടുംപീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ പ്രതികളെയും പിടികൂടാനായി. ദലിത് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു മൂവരും. ഇത് സാമുദായികപരമായ സംഘര്‍ഷത്തിലേക്കും പ്രശ്‌നങ്ങളെ നയിച്ചു. നാസിക്കില്‍ ഉള്‍പ്പെടെ സംസ്ഥാനത്തു പലയിടത്തും ദലിതര്‍ക്കു നേരെ ആക്രമണമുണ്ടായി.

കേസില്‍ എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇടപെട്ടു. മൂന്നു മാസത്തിനു ശേഷം 350 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. പ്രത്യേക കോടതിയിലാണു കേസ് പരിഗണിച്ചത്. ഉജ്വല്‍ നിഗമിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ചു. 24 സാഹചര്യത്തെളിവുകളും 31 സാക്ഷികളെയും കേസില്‍ ഹാജരാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook