ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട് ക്ഷാമ ബത്ത (ഡിഎ), പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസം (ഡിആര്‍) എന്നിവ വര്‍ധിപ്പിച്ചു. ഡിഎയും ഡിആറും 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിഎ, ഡിആര്‍ വര്‍ധന ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. തീരുമാനം 48.34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65.26 ലക്ഷം സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. നേരത്തെ 17 ശതമാനമായിരുന്നു ഡിഎ നിരക്ക് 11 ശതമാനം ഉയര്‍ന്ന് 28 ശതമാനമാകുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 17 ശതമാനമാണു ഡിഎയായി ലഭിക്കുന്നത്. ഡിഎയില്‍ നാലു ശതമാനം വര്‍ധനവ് കഴിഞ്ഞ വര്‍ഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്നതായിരുന്നു വര്‍ധന. എന്നാല്‍, വർധനവ് നൽകുന്നത് കോവിഡ് മഹാമാരി മൂലം 2020 ഏപ്രിലില്‍ മരവിപ്പിച്ചിരുന്നു.
2020 ജനുവരി ഒന്ന്, ജൂലൈ ഒന്ന്, 2021 ജനുവരി ഒന്ന്, ജൂലൈ ഒന്ന് എന്നിങ്ങനെ നാല് കാലയളവുകളിലെ ഡിഎ, ഡിആര്‍ തവണകള്‍ കുടിശികയാണ്.
Also Read: Coronavirus India Live Updates: 38,792 പുതിയ കേസുകള്‍; 624 മരണം