ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ)യും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമശ്വാസ(ഡി ആര്)വും നാല് ശതമാനം വര്‍ധിപ്പിച്ചു. വര്‍ധന ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണു ഡി എ, ഡി ആര് വര്‍ധന തീരുമാനിച്ചത്. ഏതാണ്ട് 41.85 ലക്ഷം ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും.
ഡിഎ വര്‍ധന മൂലം പ്രതിവര്‍ഷം 6,591.36 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണു സര്‍ക്കാരിനുണ്ടാക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള എട്ടു മാസം 4,394.24 കോടി രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തണം.
ഡി ആറിന്റെ കാര്യത്തില്‍ ഇതു യഥാക്രമം 6,261.20 കോടിയും 4,174.12 കോടിയുമാണ്. ഡി എയും ഡിആറും ചേരുമ്പോള്‍ ഖജനാവിനുണ്ടാകുന്ന അധിക ബാധ്യത പ്രതിവര്‍ഷം 12,852.56 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം 8,568.36 കോടി രൂപയുമായിരിക്കുമെന്നു താക്കൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ആന്‍ യോജന (പി എം ജി കെ എ വൈ) മൂന്ന് മാസത്തേക്കു കൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ഡിസംബര്‍ വരെ 80 കോടി പേര്‍ക്കു സൗജന്യ റേഷന്‍ നല്കുന്ന പദ്ധതിക്ക് 44,762 കോടി രൂപ കൂടി ചെലവ് വരുമെന്നു താക്കൂര്‍ പറഞ്ഞു.
ദരിദ്രവിഭാഗങ്ങളിലെ ഓരോ വ്യക്തിക്കും എല്ലാ മാസവും അഞ്ച് കിലോ ഗോതമ്പും അരിയും സൗജന്യമായി നല്‍കുന്നതാണു പദ്ധതി. കോവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം ബാധിച്ച ദരിദ്രരെ സഹായിക്കാന്‍ 2020 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണു കാലാവധി നീട്ടിയത്.
പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ 3.45 ലക്ഷം കോടി രൂപ ചെലഴിച്ചതായി മന്ത്രി പറഞ്ഞു. അടുത്ത മൂന്നു മാസത്തേക്കു 122 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണു വിതരണം ചെയ്യുക.