ന്യൂഡൽഹി: സുപ്രീം കോടതിയിലേക്കുളള ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ സ്ഥാനക്കയറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.  ജൂലൈ 16 ന് സുപ്രീം കോടതി കൊളീജിയം നിർദ്ദേശിച്ച മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്.

കെ.എം.ജോസഫിനൊപ്പം ഉണ്ടായിരുന്ന ഇന്ദിര ബാനർജി,  വിനീത് ശരൺ എന്നിവരുടെ നിയമനവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂവരുടെയും നിയമനം സംബന്ധിച്ച ഫയൽ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയച്ചു.

ഈ വർഷം ആദ്യം ജനുവരിയിലാണ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി അഭിഭാഷകനായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ജസ്റ്റിസ് കെ.എം.ജോസഫ് കേരള ഹൈക്കോടതിയിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഫയൽ മടക്കി.

സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനത്തായിരുന്നു ജോസഫ്. കേരളത്തിൽ നിന്ന് രണ്ട് ജസ്റ്റിസുമാർ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരുടെ പാനലിലേക്ക് എത്തുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. മറ്റ് ഹൈക്കോടതികൾക്കും തുല്യ പ്രാധാന്യം നൽകണമെന്നായിരുന്നു കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ വീണ്ടും പേര് ശുപാർശ ചെയ്താൽ ഇത് തളളിക്കളയാൻ കേന്ദ്രസർക്കാരിന് സാധിക്കാത്ത സ്ഥിതിയായി.

എന്നാൽ ജോസഫിന്റെ നിയമന വിഷയത്തിൽ തീരുമാനം പരമാവധി വൈകിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ ശ്രമിച്ചത്.  ഒരേ മാതൃഭാഷ സംസാരിക്കുന്ന രണ്ട് പേർ സുപ്രീം കോടതി പാനലിലേക്ക് വന്നാൽ അതൊരു പ്രശ്നമാകുന്നത് എങ്ങിനെയെന്ന് ഇടത് എംപി എ.സമ്പത്ത് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സുപ്രീം കോടതിയിലെ ജസ്റ്റിസ് നിയമനത്തിൽ കേന്ദ്രസർക്കാർ സ്വജനപക്ഷപാതം കാട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook