ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് അടുത്ത ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സൂചന. ജെ്‌സ്‌നയേക്കാള്‍ പ്രായമുള്ളതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂക്ക് കുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജെസ്‌ന മൂക്ക് കുത്തിയിരുന്നില്ല.

വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊന്‍പതിനും 21 നും മധ്യേയാണ് പ്രായമെന്നും തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മൃതദേഹത്തില്‍ കണ്ടെത്തിയ മൂക്കുത്തിയാണ് സംശയം ജനിപ്പിക്കുന്നത്. ജസ്ന മൂക്കുത്തി ഉപയോഗിച്ചിരുന്നില്ല.

പെട്രോളിങ്ങിനിടെ പൊലീസാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ പൊരുള്‍ തേടി അന്വേഷണ സംഘം ചെങ്കല്‍പേട്ടിലേക്ക് തിരിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ജെസ്നയുടേതാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുത്തറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ രാവിലെ 9.30 മുതല്‍ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ