ഹൈദരാബാദ്: തെലുങ്ക് നടന് നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. നാഗാര്‍ജുനയുടെ പപ്പിറെഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേശംപെത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഫാംഹൗസ് ഉള്‍പ്പെടുന്നത്. ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ആത്മഹത്യ ചെയ്തതാകാം എന്നും പൊലീസ് പറയുന്നു. മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്.
Read Also: 1000 കോടിയുടെ മഹാഭാരതം: ഭീമനായി മോഹൻലാൽ; കർണൻ നാഗാർജുനയോ?
ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പാപ്പിറെഡിഗുഡയിൽ 40 ഏക്കർ സ്ഥലത്താണ് നാഗാർജുനയുടെ ഫാംഹൗസ്. ഏതാനും നാളുകൾക്ക് മുൻപാണ് താരം ഇവിടെ സ്ഥലം വാങ്ങുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമിയാണ് ഇത്. കൃഷിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ നാഗാർജുന നിർദേശിച്ചതനുസരിച്ചാണ് ജോലിക്കാർ ഫാംഹൗസിലെത്തിയത്.