ന്യൂഡല്‍ഹി: ശ്വാസമെടുക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശു സംസ്‌കാരത്തിനു തൊട്ടുമുമ്പ് കണ്ണു തുറന്നു. ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സര്‍ഫര്‍ജങ് ആശുപത്രിലാണ് സംഭവം.

22 ആഴ്ച പ്രായമുള്ള കുഞ്ഞിനാണ് രോഹിത് ടണ്ടന്‍ എന്ന 27 കാരന്റെ ഭാര്യ ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ജന്മം നല്‍കിയത്. ജനനസമയത്ത് തന്നെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ വിധി എഴുതുകയും ചെയ്തു. ഏകദേശം അഞ്ചര മാസമായപ്പോള്‍ തന്നെ പ്രസവം നടന്നതിനാല്‍ ഇത് വിശ്വസിച്ച് കുഞ്ഞിന്റെ ‘മൃതദേഹ’വുമായി കുടുംബം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മരിച്ചെന്ന് സ്ഥിരീകരിച്ച് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അമ്മയെ ആശുപത്രിയിലാക്കി ബന്ധുക്കള്‍ കുഞ്ഞിനെ സംസ്‌കരിക്കാന്‍ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ കുഞ്ഞിനെ പൊതിഞ്ഞ തുണി ഇളകുന്നതുകണ്ട അച്ഛന്റെ സഹോദരി അത് തുറന്നു നോക്കുകയായിരുന്നു. കുഞ്ഞ് നന്നായി ശ്വാസമെടുക്കുകയും കാലുകള്‍ ഇളക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

തുടര്‍ന്ന് കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ഭാര്യ പ്രസവിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‍സുമാരും എന്തു പഠിച്ചിട്ടാണ് രോഗികളെ പരിശോധിച്ച് രോഗം നിര്‍ണയിക്കുന്നതെന്നും എന്താണ് അവര്‍ക്ക് അറിയാവുന്നതെന്നും കുട്ടിയുടെ അച്ഛൻ രോഹിത് ചോദിക്കുന്നു. മരിച്ചെന്ന് സ്ഥിരീകരിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് സീല്‍ ചെയ്തു തന്ന കുഞ്ഞിന്റെ ‘ശരീരം’ അവസാനമായി ഒരുനോക്ക് കൂടി കാണാന്‍ തോന്നിയിരുന്നില്ലെങ്കില്‍ അവര്‍ തന്റെ കുഞ്ഞിനെ യഥാര്‍ഥത്തില്‍ കൊല്ലുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ക്കെതിരെ രോഹിത് ആഞ്ഞടിച്ചു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രോഹിത്തും കുടുംബവും. അതേസമയം, 22 ആഴ്ചയില്‍ താഴെ പ്രായമെത്തിയ, 500 ഗ്രാമില്‍ കുറവ് ഭാരമുള്ള കുഞ്ഞ് ജനിച്ചാല്‍ അതിജീവിക്കാന്‍ സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ