ത്രിപുര മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മണിക് സർക്കാരിന്റെ പ്രസംഗം ദൂരദർശനും ആകാശവാണിയും സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്നലെ രാവിലെ 6.30 ന് സംപ്രേഷണം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ സന്ദേശമാണ് വിലക്കിയത്.

രാജ്യത്ത് ഉയർന്നുവരുന്ന അസഹിഷ്ണുതയും മതവർഗ്ഗീയതയും സംബന്ധിച്ച പരാമർശങ്ങളാണ് പ്രസംഗം വിലക്കാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ദൂരദർശന്റെ നടപടി, “ജനാധിപത്യ വിരുദ്ധവും അസഹിഷ്ണുതയും ഏകാധിപത്യപരവുമാണ്” എന്ന് മണിക് സർക്കാർ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ ദിനത്തിൽ സംപ്രേഷണം ചെയ്യുന്നതിനായി ആഗസ്ത് 12 നാണ് ആകാശവാണി മണിക് സർക്കാരിന്റെ പ്രസംഗം റെക്കോർഡ് ചെയ്തത്. ഇതിന് ശേഷം ആഗസ്ത് 14 ന് വൈകിട്ട് ഏഴ് മണിക്ക് പ്രസംഗം മാറ്റിപ്പറയണമെന്നും അല്ലാത്ത പക്ഷം സംപ്രേഷണം ചെയ്യാൻ സാധിക്കില്ലെന്നും ആകാശവാണി മണിക് സർക്കാരിന് കത്തയക്കുകയായിരുന്നു.

എന്നാൽ ഒരൊറ്റ വാക്ക് പോലും മാറ്റിപ്പറയില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി മണിക് സർക്കാർ സ്വീകരിക്കുകയായിരുന്നു. “ദൂർദർശൻ സ്വകാര്യ സ്വത്തല്ല” എന്നാണ് ഇതേക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത്. പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ദൂരദർശൻ നടപടിയെ ശക്തമായി എതിർത്തു.

മണിക് സർക്കാരിന്റെ പ്രസംഗം ദൂരദർശൻ വിലക്കിയ സംഭവം ചൂണ്ടിക്കാട്ടി, ഇതാണോ സഹകരണ ഫെഡറലിസം എന്ന് സിപിഎം ഔദ്യോഗിക ട്വീറ്റിൽ ചോദിച്ചു. ഈ വിലക്ക് നിയമവിരുദ്ധമാണെന്ന് പിന്നീട് യെച്ചൂരിയും ട്വിറ്ററിൽ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ