ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടക്കുകയാണ്. ചിലയിടത്ത് അക്രമങ്ങൾ നടക്കുന്നു. ചിലയിടത്ത് വേറിട്ട പ്രതിഷേധങ്ങളിലൂടെ വിദ്യാർഥികൾ കണ്ടു നിൽക്കുന്ന പൊലീസുകാരുടെ ഉൾപ്പെടെ ഹൃദയങ്ങൾ കീഴടക്കുന്നു. അതിനിടെയാണ് ബെംഗളൂരു ഡിസിപിചേതൻ സിംഗ് രാത്തോർ തിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാരോട് ഡിസിപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തു നിന്ന് വേറിട്ട ഒരു കാഴ്ചയ്ക്കും നാം സാക്ഷികളായിരുന്നുു. പ്രതിഷേധക്കാരെ തടയാന്‍ നിന്നിരുന്ന പൊലീസുകാര്‍ക്ക് യുവജനങ്ങൾ റോസാപ്പൂ നല്‍കി, ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി നിന്ന് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണ് ഇവർ.
“ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, ഞങ്ങളോട് സംസാരിക്കൂ” എന്ന മുദ്രാവാക്യങ്ങളുമായാണ് യുവാക്കള്‍ റോസാപ്പൂ നീട്ടുന്നത്. കൈകളില്‍ റോസാപ്പൂക്കളുമായി പ്രതിഷേധക്കാര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സമാധാനത്തിനുള്ള സൂചനയെന്നോണമാണ് റോസാപ്പൂക്കള്‍ കയ്യിലേന്തിയുള്ള യുവജനങ്ങളുടെ പ്രതിഷേധം.