ന്യൂഡല്‍ഹി:18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍(മൂക്കിലൂടെ നല്‍കുന്നത്) കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 നുള്ള ഇന്ത്യയിലെ ആദ്യത്തെ നേസല്‍ വാക്‌സിന്‍ ആണിത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ഏകദേശം 4,000 വോളണ്ടിയര്‍മാരുമായി നേസല്‍ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, ഇതുവരെ പാര്‍ശ്വഫലങ്ങളോ പ്രതികൂല പ്രതികരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
വാക്‌സിന് അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും സ്ഥിരീകരിച്ചു. ”കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് വലിയ ഉത്തേജനം! അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ്-19 നെതിരെയുള്ള പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പിനായി @CDSCO_INDIA_INF അംഗീകരിച്ച ഭാരത് ബയോടെക്കിന്റെ ChAd36-SARS-CoV-S COVID-19 (ചിമ്പാന്‍സി അഡെനോവൈറസ് വെക്ടോര്‍ഡ്) പുനഃസംയോജന നേസല്‍ വാക്സിന്‍. ഈ നടപടി മഹാമാരിക്കെതിരായ ഞങ്ങളുടെ കൂട്ടായ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അതിന്റെ ശാസ്ത്രം, ഗവേഷണം, വികസനം (ആര്‍ ആന്‍ഡ് ഡി), മാനവ വിഭവശേഷി എന്നിവ പ്രയോജനപ്പെടുത്തിയെന്ന് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. ”ശാസ്ത്രപരമായ സമീപനവും
കൂട്ടായ പ്രയത്‌നവും ഉപയോഗിച്ച് ഞങ്ങള്‍ കോവിഡിനെ പരാജയപ്പെടുത്തും അദ്ദേഹം പറഞ്ഞു.