ന്യൂഡൽഹി: തകർക്കപ്പെട്ട ബാബ്റി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം മാത്രമേ പണിയൂ  എന്ന വിവാദ പ്രസ്ഥാവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധരം സൻസദ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമജന്മഭൂമിയിൽ രാമക്ഷേത്രം മാത്രമേ പണിയൂ. മറ്റൊന്നും പണിയില്ല. അവിടെയുള്ള കല്ലുകൾ ഉപയോഗിച്ച് മുൻനിശ്ചയിച്ച മാതൃകയിൽ തന്നെ ക്ഷേത്രം പണിയും. 20-25 വർഷമായി ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഹൈന്ദവർ തന്നെയാകും ക്ഷേത്രം പണിയുക”, അദ്ദേഹം പറഞ്ഞു.

“ഈ ലക്ഷ്യം യാഥാർത്ഥ്യമാകാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. ആ ബോധ്യം എല്ലാവർക്കും ഉണ്ടാകണം. 1990 ൽ ബാലസാഹേബ് ഈ ലക്ഷ്യം പൂർത്തിയാകാൻ 20-30 വർഷം സമയമെടുക്കുമെന്നാണ് പറഞ്ഞത്. ശ്രമങ്ങൾ ഒന്നും വിഫലമായില്ല. ആ സമയം എത്തിച്ചേരുകയും ചെയ്തു”, ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു.

“തെറ്റ് ചെയ്യുന്നതുകൊണ്ട് പ്രശ്നമില്ലെന്ന് ജനങ്ങൾ കരുതുമ്പോൾ തെറ്റുകളുണ്ടാകും. രാമക്ഷേത്രം നിർമ്മിക്കുന്നത് കൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടാനില്ല. എല്ലാവരും പുതിയ ഘടനയിൽ ആഹ്ലാദിക്കണം”, മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook