ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ‘കശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമല്ല,’ എന്ന് സംഘടന തലവന്‍ മസൂദ് അസര്‍ തന്റെ അണികളോട് പറഞ്ഞതായി അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിന് ഏകദേശം പത്ത് ദിവസം മുമ്പായിരുന്നു അസര്‍ തന്റെ സംഘടനയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

‘കശ്മീരില്‍ കൊല്ലപ്പെട്ട പോരാളികള്‍ക്ക് ആദരാഞ്ജലികള്‍. കശ്മീര്‍ ഉടന്‍ തന്നെ സ്വാതന്ത്ര്യം നേടും. ഒപ്പം ഇന്ത്യയിലെ എല്ലാം മുസ്ലീങ്ങളും,’ എന്നായിരുന്നു ജെയ്‌ഷെ തലവന്റെ ഓഡിയോ സന്ദേശം. ഫെബ്രുവരി അഞ്ചിനാണ് അസര്‍ അക്കാര്യം പറഞ്ഞതെന്നും അന്വേഷണ സംഘം പറയുന്നു.

ഓഡിയോ സന്ദേശത്തില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിലയും കശ്മീരില്‍ ഇന്ത്യയുടെ നിലയും അസര്‍ താരതമ്യം ചെയ്യുന്നുണ്ട്.

‘അഫ്ഗാനിസ്ഥാനില്‍ യുഎസ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. അടുത്ത കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിന് മുമ്പായി ഇന്ത്യയും ചര്‍ച്ചകള്‍ക്ക് വേണ്ടി അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്‌ക്കെതിരായി ഒന്നിക്കുകയാണെങ്കില്‍, ഒരുമാസത്തിനുള്ളില്‍ വിജയം നേടാന്‍ സാധിക്കും,’ അസറിന്റെ വാക്കുകള്‍.

ജെയ്‌ഷെ മേധാവിയെ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ നിര്‍ബന്ധം ചെലുത്തുന്ന സമയത്ത് സമയത്തു തന്നെയാണ് ഇന്ത്യ തെളിവുകളും സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്ന വാര്‍ത്ത പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും സ്ഥിരീകരിച്ചിട്ടുണ്ട്.

‘പത്താന്‍കോട്ട്, ഉറി, അടുത്തിടെ നടന്ന പുല്‍വാമ എന്നീ ആക്രമണങ്ങള്‍ക്കു പുറകിലെ സൂത്രധാരന്‍ അസര്‍ ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്,’ ഉത്തര മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ