ഉന്നാവോ: ബിജെപി എംഎല്‍എയുടെ ലൈംഗിക പീഡനത്തിനിരയായ 18കാരിയുടെ പിതാവ് പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച സംഭവത്തില്‍ വീഡിയോ തെളിവ് കൂടി പുറത്ത്. കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്​ സെന്‍ഗാറി​ന്റെ സഹോദരനാണ് മർദിച്ചതെന്ന് യുവതിയുടെ പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.

ബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​ന്റെ ഭവനത്തിന് മുന്നില്‍ കൂട്ട ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നു. തുടർന്ന്​ കസ്​റ്റഡിയിലെടുത്ത പിതാവ്​ പൊലീസ്​ മർദനത്തെ തുടർന്ന്​ മരിക്കുകയായിരുന്നു. ഇദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോവും മുമ്പ് ഏപ്രില്‍ 3ന് ആശുപത്രിയില്‍ പ്രാഥമിക പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ എടുത്ത വീഡിയോ ആണ് പുറത്തുവന്നത്.

സെപ്​റ്റീസീമിയമൂലമാണ്​ ഇയാൾ മരിച്ചതെന്നായിരുന്നു പൊലീസ്​ ഭാഗം. എന്നാൽ കടുത്ത ശാരീരിക പീഡനവും പരുക്കും ഏറ്റാണ്​ മരണമെന്ന്​ ​പോസ്​റ്റ്​ മോർട്ടത്തിൽ വ്യക്തമായിരുന്നു. ഇദ്ദേഹത്തിന്റെ ദേഹത്ത് സാരമായ പരുക്കുകളും വീഡിയോയില്‍ കാണാന്‍ കഴിയും.

‘എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ്ങാണ് എന്നെ മർദിച്ചത്. അയാള്‍ എന്നെ ക്രൂരമായി മർദിച്ചു. ആരും എന്നെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പൊലീസുകാര്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. അവരും യാതൊന്നും ചെയ്തില്ല’, 55കാരന്‍ കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറയുന്നത് കാണാം.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തർപ്രദേശ്​ സർക്കാരിനോട്​ വിശദമായ റിപ്പോർട്ട്​ തേടിയിട്ടുണ്ട്. ഇരയുടെ കുടുംബത്തിന്​ സു​രക്ഷ നൽകണമെന്നും കമീഷൻ സർക്കാരിനോട്​ ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്​ സെന്‍ഗാറി​​ന്റെ സഹോദരന്‍ അതുല്‍ സിങ്​ സെന്‍ഗാറിനെ പെൺകുട്ടിയുടെ പിതാവ്​ കൊല്ലപ്പെടും മുമ്പ്​ മ​ർദിച്ചെന്ന കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

മൃതദേഹം സംസ്​ക്കരിക്കുന്നത്​ അലഹബാദ്​ ഹൈക്കോടതി വിലക്കി. പെൺകുട്ടിയുടെ പരാതിയിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി മൃതദേഹം സംസ്​കരിക്കുന്നതിന്​ വ്യാഴാഴ്​ച വരെ വിലക്ക്​ ഏർപ്പെടുത്തി. കേസ്​ വ്യാഴാഴ്​ച വീണ്ടും പരിഗണിക്കും.

അതേസമയം, കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്​ സെന്‍ഗാറി​​ന്റെ ഭാര്യ ​ത​​ന്റെ ഭർത്താവ്​ കുറ്റക്കാരനെന്ന്​ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യു​മെന്ന്​ ഭീഷണിപ്പെടുത്തി. ഭർത്താവ്​ കുറ്റക്കാരനെന്ന്​ തെളിഞ്ഞാൽ കുടുംബം മുഴുവനായി ആത്മഹത്യ ചെയ്യും. അദ്ദേഹത്തിനെതിരായ തെളിവുകൾ വ്യാജമാണ്​.

ശരിയായ തെളിവുകൾ മറച്ചുവയ്ക്കുകയാണെന്നും തങ്ങൾക്ക്​ നീതി ലഭിക്കണമെന്നും സംഗീത സെൻഗാർ മാധ്യമങ്ങളോട്​ പറഞ്ഞു. ബലാത്സംഗ കേസിൽ കുൽദീപ്​ സിങ്​ സെൻഗാറിനെയും പീഡനത്തിനിരയായ പെൺകുട്ടിയെയും നാർകോ ടെസ്​റ്റിന്​ വിധേയമാക്കാൻ സംഗീത ഉത്തർപ്രദേശ്​ ഡിജിപിയോട്​ ആവശ്യപ്പെട്ടിരുന്നു. തന്റെ കുടുംബത്തിനെ അപകീർത്തി​പ്പെടുത്താനുള്ള രാഷ്​ട്രീയ ഗൂഢാലോചനയാണിതെന്നും സത്യം പുറത്തുവരാൻ പെൺകുട്ടിയെയും അമ്മാവനെയും ത​ന്റെ ഭർത്താവിനെയും നാർകോ ടെസ്​റ്റിന്​ വിധേയമാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ