ന്യൂഡൽഹി: രാഷ്ട്രപതി ദയാഹർജി തളളിയതിനെതിരെ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി സുപ്രീം കോടതിയെ സമീപിച്ചു. മുകേഷ് സിങ് (32) ആണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹർജി തളളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 17 നാണ് രാഷ്ട്രപതി മുകേഷിന്റെ ദയാഹർജി തളളിയത്. ദയാഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറി മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്.
തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് കാണിച്ച് പ്രതികൾ സമർപ്പിച്ച ഹർജി നേരത്തെ ഡൽഹി കോടതി തളളിയിരുന്നു. കുറ്റവാളികളുടെ അഭിഭാഷകന് അധികാരികളിൽ നിന്ന് രേഖകൾ നേടാമെന്ന് പറഞ്ഞതിനാൽ കൂടുതൽ നിർദേശങ്ങൾ ആവശ്യമില്ലെന്ന് കോടതി പറയുകയായിരുന്നു.
Read Also: ഗവർണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷം; നിയമിച്ചത് രാഷ്ട്രപതിയെന്ന് ആരിഫ് ഖാൻ
കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി 1 ന് രാവിലെ ആറു മണിക്കാണ് പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റുക. നേരത്തെ, നാലു പ്രതികളെയും ജനുവരി 22 ന് രാവിലെ ഏഴിന് തൂക്കിക്കൊല്ലാനാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറണ്ടിൽ ഉത്തരവിട്ടത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
Republic Day 2020 Parade Full Schedule: റിപ്പബ്ലിക് ദിനം 2020: ജനുവരി 26 ലെ പരിപാടികൾ ഇങ്ങനെ
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.